എ.ഐ.സി.സി മുൻ പ്രസിഡന്‍റും മലയാളിയുമായ ചേറ്റൂർ ശങ്കരൻ നായരെ ചൊല്ലി വീണ്ടും കോൺഗ്രസ് ബിജെപി വാദപ്രതിവാദം. ചേറ്റൂരിന്റെ 168 ആം ജന്മദിനം പാലക്കാട്ട് ഇരുകൂട്ടരും ആഘോഷിച്ചു.
ചേറ്റൂർ ശങ്കരൻ നായരെ പറ്റി അവകാശവാദം ഉന്നയിച്ചുള്ള ബി.ജെ.പി - കോൺഗ്രസ് രാഷ്ട്രീയപോര് കഴിഞ്ഞ ഏപ്രിൽ 24 നു അദ്ദേഹത്തിന്റെ ചരമദിനത്തിന്റെ അന്ന് തുടങ്ങിയതാണ്. ജന്മദിനമായ ഇന്നും അത് തുടർന്നു. രാവിലെ 8 മണിക്ക് മങ്കരയിലെ ചേറ്റൂർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കോൺഗ്രസ് ചടങ്ങുകൾ തുടങ്ങി. DCC ഓഫിസിൽ അനുസ്മരണ യോഗവും ചേർന്നു.
കോട്ടമൈതാനിക്ക് സമീപം പുഷ്പാർച്ചന നടത്തി ബി.ജെ.പിയും ചേറ്റൂരിനു അനുസ്മരണമൊരുക്കി. കോൺഗ്രസ് അധ്യക്ഷനായ ആദ്യ മലയാളി എന്ന നിലയ്ക്ക് ചേറ്റൂരിനെ എക്കാലത്തും കോൺഗ്രസ് ഹൃദയത്തിലേറ്റിയിട്ടുണ്ടെന്ന് കോൺഗ്രസും ചേറ്റൂരിനെ വിസ്മരിച്ചവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്ന കുറ്റപ്പെടുത്തലുമായി ബി.ജെ.പിയും രംഗത്തുണ്ട്. മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ സംഭാവനകളെ പറ്റി പറഞ്ഞതോടെയാണ് മുന്‍ എ.ഐ.സി.സി അധ്യക്ഷന്‍റെ സ്മരണ പുതുക്കാന്‍ ബി.ജെ.പി രംഗത്തിറങ്ങിയത്.