പാലക്കാട്ട് നിപ്പ ആശങ്കയിൽ ജാഗ്രതയോടെ മുന്നോട്ടു പോകുമ്പോഴും വവ്വാൽ ശല്യത്താൽ പൊറുതിമുട്ടുകയാണ് ഷൊർണൂർ ചുഡുവാലത്തൂർ നിവാസികൾ. ചുഡുവാലത്തൂർ ക്ഷേത്രത്തിന് സമീപത്തുള്ള മരങ്ങളിലാണ് ആയിരകണക്കിന് വവ്വാലുകൾ നിലയുറപ്പിച്ചിരിക്കുന്നത്.
എല്ലാ മരങ്ങളിലും ഇലകളെക്കാൾ വവ്വാലുകളുണ്ട്. കുറച്ചൊന്നുമല്ല ആയിരക്കണക്കിന്. എവിടെ നോക്കിയാലും കാണാം. നാട്ടുകൽ സ്വദേശിക്കു നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ ചുഡുവാലത്തൂരിലെ നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. നാട് വളഞ്ഞ വവ്വാലുകൾ നിപ്പ രോഗമുണ്ടാക്കാനിടയാക്കുമോ എന്നാണ് ഭീതി.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരങ്ങളിലാണ് വവ്വാലുകൾ കൂട്ടമായി എത്തിയിരിക്കുന്നത്. വവ്വാലുകൾ മലമൂത്ര വിസർജനം നടത്തുന്നതിനാൽ എല്ലാ വീടുകളിലെ കിണറുകളും ഷീറ്റുകൾ കൊണ്ട് മറിച്ചിരിക്കുകയാണ്. ഈ വിസർജനം കാരണം കുടയെടുത്ത് വേണം പുറത്തിറങ്ങാൻ. നാട്ടുകാരുടെ നേതൃത്വത്തിൽ നഗരസഭക്കും വനം വകുപ്പിനും ജില്ല കലക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല എന്നാണ് പരാതി. രോഗങ്ങൾ ഉണ്ടാവാൻ കാത്തിരിക്കാതെ വേഗത്തിൽ വവ്വാലുകളെ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.