കേരള എൻജിനിയറിങ്‌ പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടികയിൽ തുടർച്ചയായി രണ്ടാം ദിവസം സംസ്ഥാന സർക്കാരിന് തിരിച്ചടി. റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി റദ്ദാക്കിയതിന് മതിയായ കാരണങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചത്. 

സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഓഗസ്റ്റ് 14 ന് മുമ്പ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നുമുള്ള സർക്കാർ വാദം കോടതി തള്ളി. വിദഗ്ധസമിതി റിപ്പോർട്ട് പ്രകാരമാണ് പ്രോസ്പെക്റ്റസിൽ മാറ്റം വരുത്തിയതെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. തുടർന്ന് കോടതി നിർദ്ദേശപ്രകാരം സമിതി റിപ്പോർട്ട് സർക്കാർ ഹാജരാക്കി. റിപ്പോർട്ട് പരിശോധിച്ച കോടതി സർക്കാരിന്റെ വാദം ശരിയല്ലെന്ന് കണ്ടെത്തി. 

സമിതി നിർദേശിച്ചതിൽ നിന്ന് വ്യത്യസ്ഥമായ സമീപനമാണ് സര്‍ക്കാർ സ്വീകരിച്ചത്. ഒറ്റയടിക്ക് റാങ്ക് പട്ടിക തയ്യാറാക്കാനുള്ള 1:1:1 എന്ന ഫോർമുല മാറ്റുന്നത് സാധ്യമല്ല എന്നും ഇക്കാര്യം നന്നായി പഠിക്കണമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നത്. കൂടിയാലോചനക്കു ശേഷമേ മാറ്റം പാടുള്ളൂ എന്നും സമിതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കാതെ നടപ്പാക്കിയ പുതിയ ഫോർമുല റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാരിന്റെ അപ്പീൽ തള്ളിയത്. 

ഇതോടെ ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്റ്റസ് പ്രകാരം പുതിയ റാങ്ക് പട്ടിക പുറത്തിറക്കേണ്ടിവരും. സംസ്ഥാന സിലബസ് പഠിച്ച വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഇതോടെ ഉണ്ടാവുക. പഴയ പ്രോസ്പെക്റ്റസ് പ്രകാരം റാങ്ക് പട്ടിക പുറത്തിറക്കിയാൽ ആദ്യ പത്തിൽ ഒരൊറ്റ സംസ്ഥാന സിലബസ് പഠിച്ച വിദ്യാർഥിയും ഉണ്ടാകില്ലെന്ന് അഡ്വക്കേറ്റ് ജനറൽ അറിയിച്ചിരുന്നു. ആദ്യ 100 പേരിൽ 14 പേർ മാത്രമായിരിക്കും സംസ്ഥാന സിലബസ് പഠിച്ചവരുണ്ടാവുക. ഈ അസമത്വം ഒഴിവാക്കാനാണ് പ്രോസ്പെക്റ്റസിലെ മാറ്റം എന്നായിരുന്നു സർക്കാർ വാദം. എന്നാൽ കളി തുടങ്ങിയ ശേഷം പകുതിക്ക് വെച്ച് നിയമം മാറ്റിയത് സിംഗിൾ ബെഞ്ചിന് പിന്നാലെ ഡിവിഷൻ ബെഞ്ചും അംഗീകരിച്ചില്ല.

അതേസമയം ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

The Kerala High Court Division Bench has dismissed the state government's appeal in the KEAM mark normalization case, upholding the Single Bench’s verdict to cancel the rank list and the government’s mark normalization formula. The court ruled that it would not interfere with the Single Bench order, marking a major setback for the government, which had argued the formula was practical. The state will now have to revert to the old normalization standards, and the legal impasse is expected to continue.