TOPICS COVERED

കാലടി സർവകലാശാലയിലെ സംവരണ അട്ടിമറിയിൽ 5 വർഷത്തിന് ശേഷം അനുകൂല ഉത്തരവ് നേടി ദളിത് വിദ്യാർഥി. മാവേലിക്കര സ്വദേശിനി വർഷക്ക് ഈ അധ്യയന വർഷം പി.എച്ച്.ഡിക്ക് പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. SFI മുൻ നേതാവ് കെ.വിദ്യക്ക് വേണ്ടി പ്രവേശനത്തിലെ സംവരണം സർവകലാശാല അട്ടിമറിച്ചതെന്നായിരുന്നു ആരോപണം. 

2019-2020 അധ്യയന വർഷം ലഭിക്കേണ്ട പി.എച്ച്.ഡി പ്രവേശനമാണ് ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വർഷയ്ക്ക് ലഭിക്കുക. കാലടി സംസ്കൃത സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശനത്തിന് 20 ശതമാനം സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്. എന്നാൽ അർഹതപ്പെട്ട സീറ്റ് നിഷേധിച്ചതിനെതിരെയാണ് മാവേലിക്കര സ്വദേശി എസ്.വർഷ ഹൈക്കോടതിയെ സമീപിച്ചത്. പി.എച്ച്.ഡിക്ക് 5 സീറ്റുകൾ വർധിപ്പിച്ചപ്പോൾ നിയമപ്രകാരം അതിൽ ഒരെണ്ണം സംവരണ വിഭാഗത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ സംവരണം അട്ടിമറിച്ച് പതിനഞ്ചാമതായി SFI നേതാവായിരുന്ന കെ.വിദ്യയെ തിരുകി കയറ്റുകയാണ് സർവകലാശാല ചെയ്തത്. ഇതോടെ ആ പട്ടികയിൽ പ്രവേശനം ലഭിക്കേണ്ട വർഷ പുറത്തായി. വിദ്യയുടെ പ്രവേശനം സംവരണം അട്ടിമറിച്ചാണ് എന്ന് SC/ST സെൽ കണ്ടെത്തിയിരുന്നു. 2020 ൽ ഹൈക്കോടതിയിൽ കേസ് എത്തിയിട്ടും സംവരണം അട്ടിമറിച്ചതിൽ നടപടിയെടുക്കാനോ, വർഷക്ക് പ്രവേശനം നൽകാനോ സർവകലാശാല തയ്യാറായില്ല. ഒടുവിൽ ഇക്കഴിഞ്ഞ ജൂൺ 30നാണ് വർഷക്ക് പ്രവേശനം നൽകാമെന്ന് സർവകലാശാല അറിയിച്ചത്. ഇതോടെ   ഈ അധ്യയന വർഷം തന്നെ പ്രവേശനം നൽകാൻ നിർദേശം നൽകി ഹർജി ഹൈക്കോടതി തീർപ്പാക്കി. 

തെറ്റ് തിരുത്താൻ തയ്യാറാകാതെ നിലപാടിൽ ഉറച്ചു നിന്ന സർവകലാശാല പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥിയുടെ 5 വർഷമാണ് നശിപ്പിച്ചത്. അതുകൊണ്ട് തന്നെ വർഷക്ക് നീതി ലഭിച്ചോ എന്നത് ഉത്തരമില്ലാത്ത ചോദ്യമായി തുടരും

ENGLISH SUMMARY:

After a five-year legal battle, a Dalit student from Mavelikkara, Varsha, has secured a favorable verdict from the High Court, granting her PhD admission this academic year at Kalady University. The university was accused of manipulating reservation norms in favor of former SFI leader K. Vidya.