കൈക്കൂലി കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നും, ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കീഴടങ്ങാനുള്ള നിര്‍ദേശം.  

കേസിൽ പ്രതി ചേർത്തിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്നാണ് ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ജാമ്യാപേക്ഷയിൽ പറയുന്നത്. അറസ്റ്റിലായ പ്രതികളുമായി തനിക്ക് നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ ബന്ധമുള്ളതിന് തെളിവില്ല. തനിക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ പരാതിക്കാരനായ കശുവണ്ടി വ്യവസായി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് എന്നും ഇഡി ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. 

കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിനെതിരെ ഇഡി റജിസ്റ്റർ ചെയ്ത കേസ് ഒതുക്കാൻ രണ്ട് കോടി രൂപ ഇടനിലക്കാർ വഴി വാങ്ങി എന്നാണ് വിജിലൻസ് കേസ്. ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. കൊച്ചി സ്വദേശിയും ഇടനിലക്കാരനുമായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ എന്നിവരാണ് മറ്റു മൂന്ന് പ്രതികൾ. 

ENGLISH SUMMARY:

The Kerala High Court has directed ED Assistant Director Shekhar Kumar, accused in a bribery case, to surrender before the investigation officer within two weeks. The court granted him anticipatory bail and stated that he can be arrested and released on bail if necessary. Shekhar Kumar claims the case is baseless and was fabricated by a cashew businessman to sabotage an ongoing ED investigation. The vigilance case alleges that intermediaries collected ₹2 crore to settle an ED case against Kollam-based businessman Aneesh Babu. Shekhar Kumar is the first accused, with three others also named.