കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി  ബിന്ദുവിന്‍റെ മകന് സര്‍ക്കാര്‍ ജോലി നല്‍കും. കുടുംബത്തിന് 10 ലക്ഷം ധനസഹായം.  മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

അതേസമയം, ബിന്ദുവിന്റെ മകൾ നവമിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ന്യൂറോ വിഭാഗത്തിൽ നവമിയുടെ ആദ്യ ശസ്ത്രക്രിയ ഇന്നലെ നടന്നിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി.കെ.ജയകുമാറിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സയുടെ ഏകോപനം. കഴിഞ്ഞ ഒന്നിന് ചികിത്സ തേടിയ നവമി അമ്മയോടൊപ്പം ആശുപത്രിയിൽ കഴിയുമ്പോഴാണ് ആശുപത്രി കെട്ടിടം പൊളിഞ്ഞു വീണ് അമ്മ ബിന്ദുവിന് ജീവൻ നഷ്ടമായത്. അപകടത്തെ കുറിച്ച് ജില്ലാ കലക്ടറുടെ അന്വേഷണം തുടരുകയാണ്.

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ. ശിവ സിൽക്സ് ഉടമ ആനന്ദാക്ഷൻ ബിന്ദുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി. കൂടാതെ ബിന്ദുവിന്റെ അമ്മയ്ക്ക് മാസം അയ്യായിരം രൂപ വീതം ആജീവനാന്തം നൽകുമെന്നും അറിയിച്ചു. വൈക്കം എംഎൽഎ സി.കെ.ആശയാണ്  തുക കൈമാറിയത്. 

ENGLISH SUMMARY:

Following the Kottayam Medical College building collapse, the Kerala government offers ₹10 lakh aid and a job to Bindu’s son. Her daughter continues treatment; private employer offers additional support.