നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയത്തിൽ അതീവ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കുമെന്നുള്ള വാർത്തകൾ പുറത്തുവരുന്നത് ഏറെ വേദനയുണ്ടാക്കുന്നതാണ്.
ഒരു ഇന്ത്യൻ പൗരയുടെ ജീവൻ അപകടത്തിലായിരിക്കുമ്പോൾ നോക്കിനിൽക്കാൻ നമുക്കാവില്ല. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ ഇനിയും സമയമുണ്ട്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം. നയതന്ത്ര തലത്തിൽ സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും അവരെ നാട്ടിൽ തിരിച്ചെത്തിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജൂലൈ 16 ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ദയാധനം ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവഴികളെല്ലാം അടഞ്ഞു. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗം തലാലിന്‍റെ കുടുംബത്തിന്‍റെ മാപ്പ് മാത്രമെന്നതാണ് നിലവിലെ സ്ഥിതി. അതിനും ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയക്ക് മാപ്പ് നല്‍കാനായി കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു എന്നാണ് വിവരം. എന്നാല്‍ തുകയെത്രയെന്ന് കുടുംബം അറിയിച്ചിട്ടില്ല. ഒരു മില്യന്‍ ഡോളര്‍ നല്‍കാമെന്ന് ആക്ഷന്‍ കമ്മിറ്റി വാഗ്ദാനം ചെയ്തിട്ടുണ്ട്.