ഏറെ സാഹസികമായിരുന്നു ഇന്നലെ പത്തനംതിട്ട പയ്യനാമണ്ണിലെ രക്ഷാപ്രവര്‍ത്തനം. ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നാണ് ഓപ്പറേറ്ററുടെ മൃതദേഹം പുറത്തെടുത്തത്. തോട്ടപ്പള്ളിയിലെ പൊഴി മുറിക്കുന്ന മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പാറകള്‍ നീക്കിയത്.
രാവിലെ തന്നെ എന്‍ഡിആര്‍എഫ്,ഫയര്‍ഫോഴ്സ് ടാസ്ക് ഫോഴ്സ് സംഘം കയറിലൂടെ താഴെ ഇറങ്ങി പരിശോധന നടത്തി. മുകളില്‍ നിന്ന് പാറ വീഴുന്ന സാഹചര്യത്തില്‍ ആളെ പുറത്തെടുക്കുന്നത് എളുപ്പമല്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് ആലപ്പുഴ പൊഴി മുറിക്കുന്ന നീണ്ട കൈകളുള്ള മണ്ണുമാന്തി എത്തിച്ചത്. ഒന്നര മണിക്കൂറോളം മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പാറകള്‍ നീക്കിയത്.ഓപ്പറേറ്റര്‍ കണ്ണന്‍റെ സേവനം മികച്ചതായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍. ഇത്തരം അനുഭവം ആദ്യമായി ആണെങ്കിലും ഭയം ഇല്ലായിരുന്നു എന്ന് കണ്ണന്‍.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോന്നി പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചത്. ഒരാളുടെ മൃതദേഹം അന്നുതന്നെ കിട്ടി. പാറപൊട്ടിക്കുന്ന മെഷീനില്‍ കുടുങ്ങിയ ഓപ്പറേറ്ററെയാണ് ഇന്നലെ രാത്രിയോടെ പുറത്തെടുത്തത്