വിദ്യാര്‍ഥിനികളെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്ത വയനാട് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അധ്യാപകനെ സംരക്ഷിച്ച് കാര്‍ഷിക സര്‍വകലാശാല. അധ്യാപകന്‍ കുറ്റക്കാരനെന്ന് മൂന്ന് മാസം മുന്‍പ് ആഭ്യന്തര സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടും അതില്‍ നടപടിയെടുക്കാതെ സര്‍വകലാശാല പൂഴ്ത്തി.
കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ജി.എസ്.അരുളരശന് എതിരെയാണ് പരാതി. പഠനത്തിന്‍റെ ഭാഗമായി പുറത്ത് നിന്ന് വന്ന കാര്‍ഷിക കോളജിലെ ഒരുകൂട്ടം വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. പഠനാവശ്യത്തിനായി പുറത്ത് പോകുന്ന സമയത്ത് വിദ്യാര്‍ഥിനികളെ അധ്യാപകന്‍ കടന്നുപിടിച്ചു. മോശമായി പെരുമാറുകയും മുഖത്ത് അടിക്കുകയും ചെയ്തു. നാല് മാസം മുന്‍പാണ് സംഭവം. ഉപദ്രവം സഹിക്കാതായപ്പോളാണ് ഇവര്‍ കൂട്ടമായി പരാതി നല്‍കിയത്. കൃഷി വിജ്ഞാന കേന്ദ്രം അധികൃതര്‍ ആഭ്യന്തര സമിതി വഴി നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
എന്നാല്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കാതെ കാര്‍ഷിക സര്‍വകലാശാല അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി. ഒരു നടപടിയും നേരിടാതെ ഇയാള്‍ ഇപ്പോഴും സ്ഥാപനത്തില്‍ തുടരുകയാണ്. സമാനമായ ഒരു പരാതി കാരണമാണ് ഇയാളെ അമ്പലവയല്‍ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റിയത്. അധ്യാപകന്‍ മാപ്പ് എഴുതി നല്‍കിയെന്ന വിചിത്രമായ ന്യായമാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.