ജീവന് ഭീഷണിയായി സംസ്ഥാനത്തെ 134 ആശുപത്രി വളപ്പുകളിലായി 225 പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. കോട്ടയം ദുരന്തത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശേഖരിച്ച കണക്കുകളില്‍ 41 പഴഞ്ചന്‍ കെട്ടിടങ്ങളുമായി എറണാകുളം ജില്ലയാണ് മുമ്പില്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രം 12 കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. പൊളിക്കാന്‍ ഉത്തരവിട്ടതായി ഞങ്ങള്‍ കണ്ടെത്തിയ ചില കെട്ടിടങ്ങളുടെ വിവരങ്ങള്‍ പട്ടികയിലില്ലാത്തത് യഥാര്‍ഥ കണക്കുമായുളള അന്തരം വെളിപ്പെടുത്തുന്നു. വിവിധ ജില്ലകളില്‍ നിന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ ശേഖരിച്ച കണക്കുകള്‍ പുറത്തു വിടുന്നു.
പൊളിഞ്ഞു വീഴാറായ മേല്‍ക്കൂരയും ഇടിഞ്ഞു വീഴാറായ ചുമരുകളുമായി ആരോഗ്യമന്ത്രിയുടെ മൂക്കിന്‍തുമ്പത്ത് തിരുവനന്തപുരത്ത് പൊളിച്ചുമാറ്റേണ്ട 5 ആശുപത്രിക്കെട്ടിടങ്ങള്‍..നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വാര്‍ഡ് , മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പഴയ ഒപി ബ്ളോക്ക് തുടങ്ങിയവ. പട്ടികയിലുളള തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പഴയ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്കിന്‍റെ മുമ്പില്‍ കോട്ടയം ദുരന്തത്തിനു ശേഷം പതിപ്പിച്ച മുന്നറിയിപ്പ് ബോര്‍ഡ്.
ഏറ്റവും കൂടുതല്‍ പഴയ കെട്ടിടങ്ങളുളള ആശുപത്രികള്‍ എറണാകുളത്ത് – 41 എണ്ണം ആലപ്പുഴയില്‍ 37 ഉം വയനാട്ടില്‍ 14 ഉം കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. കോഴിക്കോട് എട്ടു ആശുപത്രികളില്‍ പഴയ കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയും കാസര്‍കോടും – 7 വീതം, കണ്ണൂരില്‍ 5 ഉം മലപ്പുറത്ത് നാലും. ദുരന്തമുണ്ടായ കോട്ടയത്ത് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലെ കെട്ടിടങ്ങള്‍ മാത്രമാണ് പട്ടികയില്‍.
പല കെട്ടിടങ്ങളിലും ഇപ്പോഴും രോഗികളുണ്ട്. രോഗികളില്ലാത്ത കെട്ടിടങ്ങള്‍ തുണി വിരിച്ചിടാനും ശുചി മുറി ഉപയോഗിക്കാനും വിശ്രമിക്കാനുമൊക്കെ കൂട്ടിരിപ്പുകാര്‍ ഉപയോഗിക്കുന്നതും അപകടസാധ്യത ഇരട്ടിയാക്കുന്നു. ആശുപത്രി വളപ്പുകളിലെ പഴയ കെട്ടിടങ്ങളോട് തൊട്ടുരുമ്മിയാണ് പുതിയ കെട്ടിടങ്ങളെന്നത് പൊളിക്കാത്ത കെട്ടിടങ്ങളെ അപകടക്കെണിയാക്കുന്നു.