ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ എസ്എഫ്‌ഐ തെരുവില്‍. കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളില്‍ പ്രതിഷേധം. കണ്ണൂരില്‍ പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകലാശാല ക്യാംപസില്‍ പ്രവേശിച്ചു.
ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധമാര്‍ച്ചില്‍ യുദ്ധക്കളമായി കേരള സര്‍വകലാശാല ആസ്ഥാനം. പ്രതിഷേധ മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്നു. ഒരുമണിക്കൂറിലേറെ സര്‍വകലാശാല ആസ്ഥാനം കൈയടക്കിയ പ്രവര്‍ത്തകരെ പൊലീസ് അനുനയിപ്പിക്കാന്‍ നടത്തിയ നീക്കളെല്ലാം പരാജയപ്പെട്ടതോടെ പൊലീസ് എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പൊലീസ് പടികളിലൂടെ വലിച്ചിഴച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ പ്രതിഷേധിക്കുകയാണ്.
അതിനിടെ എം.വി.ഗോവിന്ദന്‍ എസ്എഫ്ഐ സമരസ്ഥലത്തെത്തി. എസ്എഫ്‌ഐക്ക് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇത് ഗവര്‍ണര്‍ V/S എസ്എഫ്ഐ സമരമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ശിവപ്രസാദ്. വിസിയെ ഇനി സര്‍വകലാശാലയുടെ പടി കയറ്റില്ല. സന്ധിയില്ലാത്ത സമരം തുടരും സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു
കാലിക്കറ്റ് സര്‍വകലാശാലയിലും എസ്എഫ്ഐ പ്രതിഷേധം. വി.സിയുടെ പഴ്സനല്‍ സ്റ്റാഫിന്‍റെ മുറിയിലേക്ക് തള്ളിക്കയറി. ഓഫീസിലേക്ക് ബലമായി അതിക്രമിച്ചു കയറി. മുറിയുടെ പൂട്ട് തകര്‍ത്തു.