p-rajeev-navy-kel

സേവ് കെൽട്രോൺ മുദ്രാവാക്യം കേട്ടിട്ടുണ്ടോ എന്ന ചോദ്യം ഉന്നയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി പി രാജീവ്. കേരളത്തിൻ്റെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കെൽട്രോണിനെ സ്വകാര്യവൽക്കരിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിച്ച ഘട്ടത്തിൽ കേരളത്തിൽ നടന്ന ജനകീയ പ്രക്ഷോഭത്തിലെ മുദ്രാവാക്യമാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

അന്ന് ആ പ്രക്ഷോഭം നടത്തി വിജയിച്ചില്ലായിരുന്നെങ്കിൽ കെൽട്രോണിനെക്കുറിച്ച് ഇങ്ങനൊരു കുറിപ്പ് എഴുതാൻ പോലും സാധിക്കുമായിരുന്നില്ല. തുടർച്ചയായി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരുകൾക്ക് കീഴിൽ വീണ്ടും കേരളത്തിൻ്റെ അഭിമാനമായി മാറിയ കെൽട്രോൺ ഇന്ത്യൻ നേവിക്ക് വേണ്ടി റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽ ശാലയിൽ വച്ച് കമ്മീഷൻ ചെയ്ത യുദ്ധപ്പലിൻ്റെ നിർമ്മാണ പ്രക്രിയയിലും സുപ്രധാന ചുമതല നിർവഹിച്ച സന്തോഷം പങ്കുവെക്കുകയാണ്. 4000T മൾട്ടി റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ ഐഎൻഎസ് തമലിൻ്റെ നിർമ്മാണത്തിൽ പ്രധാന ഭാഗങ്ങളായ എക്കോസൗണ്ടറും അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റവും നിർമ്മിച്ചതും ഇൻസ്റ്റാൾ ചെയ്തതും കെൽട്രോൺ ആണ്. ഇന്ത്യൻ നേവിക്കായി കെൽട്രോണിൻ്റെ വിദഗ്ധ ടീം റഷ്യയിൽ പോയി വിജയകരമായി ടെസ്റ്റുകൾ പൂർത്തീകരിച്ചതിന് ശേഷമാണ് ഇൻസ്റ്റലേഷൻ പ്രക്രിയ നടത്തിയത്. കെൽട്രോണിനും കേരളത്തിനും അഭിമാന നിമിഷമാണിത്. 

കെൽട്രോൺ ഇനിയും കുതിക്കും, സർക്കാർ ഒപ്പമുണ്ടെന്ന് പറഞ്ഞാണ് മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

P Rajeev fb post about Keltron and the Indian Navy