വിവിധ പ്രതിപക്ഷ തൊഴിലാളി സംഘടകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി പന്ത്രണ്ട് മണിക്കാരംഭിക്കും. സര്‍ക്കാര്‍ ഓഫിസുകളെയും സ്കൂള്‍-കോളജുകളെയും പണിമുടക്ക് ബാധിക്കും. കെഎസ്ആര്‍ടിസി – സ്വകാര്യ ബസ് തൊഴിലാളികളും ഓട്ടോ–ടാക്സി തൊഴിലാളികളും പണിമുടക്കും. സ്വകാര്യ വാഹനങ്ങള്‍ തടയുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാതെ ജനങ്ങള്‍ സഹകരിക്കണമെന്നാണ് സിഐടിയുവിന്‍റെ അഭ്യര്‍ഥന.
കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് CITU, AITUC , INTUC ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നത്. ഇന്ന് രാത്രി പന്ത്രണ്ട് മണിക്കാരംഭിക്കുന്ന പണിമുടക്ക് ട്രെയിന്‍ ഒഴികെയുള്ള ഗതാഗതസൗകര്യങ്ങളെ ബാധിക്കും. കെ.എസ്.ആര്‍.ടി.സിയിലെ ഭൂരിഭാഗം ജീവനക്കാരും സ്വകാര്യ ബസ് തൊഴിലാളികളും പണമുടക്കുന്നതിനാല്‍ യാത്രാസംവിധാനങ്ങള്‍ കിട്ടാതെ ജനം വലയും. ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങില്ല. ബാങ്കിങ് സേവനങ്ങളും തടസ്സപെടും.എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ തടയുമോ എന്നതില്‍ കൃത്യമായ ഉത്തരം സമരസമിതി നല്‍കുന്നില്ല.
സെക്രട്ടറിയേറ്റിലെയും കലക്റേറ്റുകളിലേയും പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിക്കും. അവശ്യസര്‍വീസുകളെ മാത്രമാണ് പണിമുടക്കില്‍ നിന്ന് ഒഴിവാക്കിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന വിവാഹ സംഘങ്ങള്‍ , എയര്‍പോര്‍ട്ട് – റയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പോകുന്നവരെ തടയില്ല. ടൂറിസം മേഖലയ്ക്കും പണിമുടക്കില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.