പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ പാറ ഇടിഞ്ഞ് വീണ് കുടുങ്ങിയ ബിഹാര്‍ സ്വദേശിക്കായുള്ള തിരച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പാറമടയ്ക്ക് മുകളില്‍ നിന്നും വടം കെട്ടി ഇറങ്ങിയാണ് ദൗത്യം. മണ്ണുമാന്തിയന്ത്രത്തിന് മുകളിലെ കല്ലുകള്‍ നീക്കുകയാണ്. പാറ പൊട്ടിക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ ബിഹാർ സ്വദേശി അജയ്കുമാറിനെയാണ് ഇനി കണ്ടെത്താനുള്ളത്.
ആളെ കണ്ടെത്താനുള്ള തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘവും. 20 അംഗ ഫയര്‍ഫോഴ്സ് സ്പെഷല്‍ ടാസ്ക് ഫോഴ്സും സ്ഥലത്തെത്തി. മലയിടിച്ചില്‍ ഭീഷണി ഉളളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. കൂടുതൽ പാറക്കെട്ടുകൾ ഇടിഞ്ഞതോടെയാണ് ഇന്നലെ രാത്രി പരിശോധന ഉപേക്ഷിച്ചത്.
ഇന്നലെ വൈകിട്ട് 3.30 നാണ് അപകടമുണ്ടായത്. ആഴമേറിയ വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്ന് മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് പാറയുടെ അടിയിൽപെട്ടത്. മണിക്കൂറുകൾക്ക് ശേഷം വൈകിട്ട് 6.15നാണ് മറ്റൊരു യന്ത്രം എത്തിച്ച് പാറ പൊട്ടിച്ച ശേഷം വഴിയൊരുക്കി അഗ്നിരക്ഷാസേന മൃതദേഹം കിടന്ന ഭാഗത്ത്് എത്തിയത്. യന്ത്രമുപയോഗിച്ച് പാറ മാറ്റിയാണു മൃതദേഹം പുറത്തെടുത്തത്.
സുരക്ഷമാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഒരു തൊഴിലാളിയുടെ ജീവൻ പൊലിയാനും മറ്റൊരു തൊഴിലാളിയെ കാണാതാകാനും കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. പാറമടയിലെ അപകട സാധ്യതകളെ സംബന്ധിച്ച് നാട്ടുകാർ ഏറെ നാളുകളായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതിയായി നൽകിയിരുന്നു. പാറ പൊട്ടിച്ചു മാറ്റാൻ തട്ടുതട്ടായി ബെഞ്ച് തയാറാക്കുന്നതിൽ ഉൾപ്പെടെ നിയമം പാലിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.