നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനംവകുപ്പ് നോട്ടീസ് നൽകും. സുരേഷ് ഗോപി ധരിച്ചതായി കണ്ട ലോക്കറ്റ് ഹാജരാക്കാനാണ് നോട്ടീസ് അയക്കുക. തൃശൂർ ഡി.എഫ്.ഒയ്ക്ക് മുന്നിൽ ആഭരണം ഹാജരാക്കാനും നിർദേശിക്കും.
സുരേഷ് ഗോപിയുടെ മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർത്ഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്ന് പരിശോധിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി തൃശ്ശൂർ ഡിഎഫ്ഒക്ക് മുന്നിൽ ആഭരണം ഹാജരാക്കാൻ സുരേഷ് ഗോപിക്ക് നോട്ടീസ് അയയ്ക്കും. ഇതിനുശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് വനം വകുപ്പ് കടക്കുക. ലോക്കറ്റിന്റെ ഉറവിടത്തെ കുറിച്ചും സുരേഷ് ഗോപി വിശദീകരിക്കേണ്ടിവരും.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹാഷിമിന്റെ പരാതിയിലാണ് വനം വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. മാല ധരിച്ച് നിൽക്കുന്ന സുരേഷ് ഗോപിയുടെ ഫോട്ടോകളും, വാർത്താ റിപ്പോർട്ടുകളും പരാതിക്കൊപ്പം കൈമാറിയിരുന്നു. പുലിപ്പല്ല് കേസിൽ റാപ്പർ വേടൻ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും ആരോപണം ഉയർന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ രണ്ടാം ഭാഗത്തിലാണ് പുലി ഉൾപ്പെടുന്നത്. പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ പോലും ഇത്തരം മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൈവശം വയ്ക്കുന്നത് കുറ്റമാണ്. മൂന്നുവർഷം മുതൽ ഏഴ് വർഷം വരെയാണ് തടവുശിക്ഷ ലഭിക്കുക.