ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോയ്ക്കും വീഡിയോക്കും നിരോധനമുണ്ടെന്ന് മാത്രമല്ല, ക്ഷേത്ര പരിസരത്തൂടെ ഡ്രോണ്‍ പോലും പറത്താന്‍ അനുവാദമില്ലാത്ത തരത്തില്‍ സുരക്ഷാക്രമീകരണമുള്ള സ്ഥലമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ആ ക്ഷേത്രത്തിനുളളില്‍ കാമറയുള്ള കണ്ണടയുമായി കടന്ന് കയറിയിരിക്കുകയാണ് ഗുജറാത്തുകാരന്‍. എന്തായാലും പൊലീസ് പിടികൂടിയത് ഇപ്പോള്‍ കേസില്‍ പ്രതിയുമായി. അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായാണ് ഇന്നലെ ഫോര്‍ട് പൊലീസിന്‍റെ പിടിയിലായത്. 68 കാരനായ സുരേന്ദ്ര ഷാ ഞായറാഴ്ചയാണ് തിരുവനന്തപുരത്തെത്തിയത്. ഭാര്യയും ബന്ധുക്കളുമടക്കം അഞ്ച് പേരടങ്ങുന്ന സംഘമായിരുന്നു. രാമേശ്വരവും മധുരയും ഉള്‍പ്പടെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. ഇന്നലെ വൈകിട്ട് ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോളാണ് കാമറ ഘടിപ്പിച്ച കണ്ണടയുമായി ക്ഷേത്രത്തിനുള്ളില്‍ കടന്നത്.
ക്ഷേത്രത്തിനകത്ത് വെച്ച് കണ്ണട പലതവണ നോക്കുന്നത് കണ്ടപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. അവര്‍ തടഞ്ഞ് വെച്ച് പരിശോധിച്ചപ്പോള്‍ കാമറ കണ്ടെത്തുകയായിരുന്നു. ഫോര്‍ട് പൊലീസിന് ഉടന്‍ കൈമാറി.
ഓണ്‍ലൈന്‍ വഴി വാങ്ങിയ കാമറയാണെന്നും കാമറ എങ്ങിനെയുണ്ടെന്ന് പരീക്ഷിക്കാനാണ് അതുവെച്ച് ക്ഷേത്രത്തില്‍ കടന്നതെന്നുമാണ് സുരേന്ദ്ര ഷായുടെ മൊഴി. ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്ന കാര്യം അറിയില്ലായിരുന്നൂവെന്നും പറയുന്നു.
എന്തായാലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചു. പക്ഷെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ക്ഷേത്രത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ കാമറ വഴി പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ചിട്ടുള്ളതായി കണ്ടെത്തി. വിശദ പരിശോധനക്ക് മൊബൈല്‍ ഫൊറന്‍സിക് ലാബിന് കൈമാറും.
വെറും ഹിഡന്‍ കാമറയല്ല സുരേന്ദ്ര ഷാ ഉപയോഗിച്ചത്. മെറ്റ ഗ്ളാസാണ്. ഫോട്ടോയും ദൃശ്യങ്ങളുമെടുക്കാമെന്ന് മാത്രമല്ല, ഫോണ്‍ വിളിക്കാനും പാട്ട് കേള്‍ക്കാനും തുടങ്ങി പലവിധ സൗകര്യങ്ങളുള്ള കണ്ണടയാണിത്. സുരേന്ദ്ര ഷായ്ക്ക് പിന്നില്‍ മറ്റ് താല്‍പര്യങ്ങളൊന്നുമില്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ പ്രശ്നങ്ങളെന്തെങ്കിലും കണ്ടാല്‍ വിളിച്ചുവരുത്താനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്.