Airbus A400M Atlas | Image Credit: Airbus
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിപ്പോയ ബ്രിട്ടന്‍റെ യുദ്ധവിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടത്താനുള്ള വിദഗ്ധസംഘം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന ഫൈറ്റര്‍ ജെറ്റ് എഫ്-35ബിയെ അറ്റകുറ്റപ്പണി നടത്തി തിരികെ പറത്താന്‍ ശ്രമിക്കുമെങ്കിലും കഴിഞ്ഞില്ലെങ്കില്‍ ‘തൂക്കിയെടുത്ത്’ കൊണ്ടുപോകാന്‍ കൂടിയാണ് സംഘം എത്തിയിരിക്കുന്നത്. അതും ഹെവി ലിഫ്റ്റിങ് വിമാനമായ എയര്‍ബസ് എ 400 എമ്മില്‍. ‘പെട്ട് കിടക്കുന്ന’ ജെറ്റ് വിമാനത്തെപ്പോലെ തന്നെ രക്ഷകനായി എത്തിയ വിമാനത്തിനുമുണ്ട് പ്രത്യേകതകള്‍.
A400M അറ്റ്ലസ്
ദീർഘദൂരങ്ങളില്‍ ഭാരം കൂടുതലുള്ള ലോഡുകള്‍ എത്തിക്കാന്‍ സാധിക്കുന്ന പകരം വയ്ക്കാനില്ലാത്ത തന്ത്രപ്രധാനമായ എയര്‍ ലിഫ്റ്റിങ് വിമാനമാണ് A400M. മനുഷ്യരെയും വലിയ സൈനിക ഉപകരണങ്ങളെയും വഹിക്കാന്‍ സാധിക്കുന്ന വലിയ കാർഗോ ഹോൾഡാണ് ഇതിന്‍റെ പ്രധാന പ്രത്യേകതകളിലൊന്ന്. ടാറിങ് ഇല്ലാത്തതും പരുക്കനും ചെറുതുമായ എയര്‍സ്ട്രിപ്പുകളില്‍ പോലും നിസാരമായി ഇറങ്ങാനും ഈ ഭീമന് സാധിക്കും.
നാല് എഞ്ചിൻ ടർബോപ്രോപ്പ് മിലിട്ടറി എയർലിഫ്റ്ററാണിത്. ഇടത്തരം എയർലിഫ്റ്ററുകൾക്ക് വഹിക്കാന്‍ കഴിയാത്ത ഭാരമുള്ളതും വലുതുമായ വസ്തുക്കളെ വഹിക്കാന്‍ ഇതിനാകും. അതായത് കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ, പ്രത്യേക സിവിൽ എന്‍ജിനീയറിംഗ് ഉപകരണങ്ങൾ എന്നിവ നിഷ്പ്രയാസം A400M ല്‍ കൊണ്ടുപോകാം. മറ്റ് ഹെവി എയർലിഫ്റ്ററുകൾക്ക് എത്താന്‍ സാധിക്കാത്ത എയർസ്ട്രിപ്പുകളിൽ ലോഡുമായി ഇറങ്ങാനും സാധിക്കും. കൂടാതെ ദീർഘദൂരം ഒരു ജെറ്റ്-എഞ്ചിൻ സ്ട്രാറ്റജിക് എയർലിഫ്റ്ററിനെ പോലെ വേഗതയിൽ പറക്കാനും കഴിയും. വായുവില്‍ വച്ച് ഇന്ധനം നിറയ്ക്കാനും ഈ വിമാനത്തിനാകും. കുറഞ്ഞ ഡിറ്റക്ഷബിലിറ്റിയും ഉയർന്ന മാനുവറബിലിറ്റിയുമാണ് വിമാനത്തിനുള്ളത്. 150 അടി വരെ താഴ്ന്ന് പറക്കാനും സാധിക്കും. കുറഞ്ഞ സമയം കൊണ്ട് ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും ഈ വിമാനത്തിന് സാധിക്കും. കവചിത കോക്ക്പിറ്റ്, വെടിയുണ്ടകളെ ചെറുക്കുന്ന വിൻഡ്‌സ്‌ക്രീനുകൾ എന്നിവ സുരക്ഷയും വര്‍ധിപ്പിക്കുന്നു.
നേരത്തെ ഗ്ലോബ്മാസ്റ്റർ വിമാനത്തിലായിരിക്കും ഫൈറ്റര്‍ ജെറ്റ് എഫ്-35ബിയെ ബ്രിട്ടണ്‍ കൊണ്ടുപോകുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവിലാണ് ബ്രിട്ടനില്‍ നിന്നുള്ള സംഘം A400M ല്‍ എത്തിയത്. C-130 നും ബോയിങ് C-17 ഗ്ലോബ്മാസ്റ്റർ III നും ഇടയിലാണ് A400M വലുപ്പം. എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസ് ആണ് ഈ വിമാനം നിർമ്മിക്കുന്നത്. ഇന്ന് വിവിധ രാജ്യങ്ങളിലെ സൈനിക ആവശ്യങ്ങൾക്കായി ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.