കേരള സര്‍വകലാശാല റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കി സിന്‍ഡിക്കേറ്റ് യോഗം. സിന്‍ഡിക്കറ്റില്‍ ഇടത് അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചു. വി.സിയുടെ എതിര്‍പ്പ് മറികടന്നാണ് പ്രമേയം പാസാക്കിയത്. സസ്പെന്ഷന് റദ്ദാക്കിയിട്ടില്ലെന്ന് വി.സി പ്രതികരിച്ചു. ആവശ്യം ഉയര്‍ന്നപ്പോള്‍ യോഗം പിരിച്ചുവിട്ടെന്നും സസ്പെന്ഷന് തുടരുമെന്ന് ഡോ. സിസ തോമസ് പറഞ്ഞു.
സസ്പെന്ഷന് റദ്ദാക്കിയെന്ന് കോടതിയെ അറിയിക്കാനാണ് ഇടത് അംഗങ്ങളുടെ തീരുമാനം. വി.സി സ്വന്തംനിലയില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്യും. അതേസമയം, ഭാരതാംബ ചിത്രവിവാദം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ യോഗം നിയോഗിച്ചു. സസ്പെൻഷൻ നടപടിക്കെതിരെ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍കുമാര്‍ സസ്പെന്‍ഷനിലായ ശേഷം ആദ്യമായാണ് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്. എൽ.ഡി.എഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം വിളിക്കാൻ ഡോ.സിസ തോമസ് സമ്മതിച്ചത്.