നിപ്പ സ്ഥിരീകരിച്ച 38കാരിയുടെ സമ്പർക്ക പട്ടികയിലുള്ള 2 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. പനിബാധിച്ചു ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടികളുടെ ഫലമാണ് വന്നത്. അതിനിടെ സമ്പർക്കപട്ടികയിലുള്ള മൂന്നു കുട്ടികൾക്ക് കൂടി ലക്ഷണങ്ങൾ കണ്ടതോടെ പാലക്കാട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
പാലക്കാട്, മലപ്പുറം ജില്ലകളിൽ നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ തുടരുന്ന 38 കാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ സമ്പർക്കപട്ടികയിൽ പെട്ട 110 പേർ നിരീക്ഷണത്തിലാണ്. മകൾക്കും അടുത്ത ബന്ധുവായ 10 വയസുകാരിക്കും പനി ബാധിച്ചിരുന്നെങ്കിലും പരിശോധനയിൽ നിപ്പയല്ലെന്ന് സ്ഥിരീകരിച്ചു. ഇവർ നിരീക്ഷണത്തിലാണ്. പനിയുടെ ലക്ഷണങ്ങൾ കണ്ട രണ്ടു കുട്ടികളുടെ ശ്രവം പ്രാഥമിക പരിശോധനക്ക് അയച്ചു. കുട്ടികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
പാലക്കാട് മെഡിക്കൽ കോളജ് ഡോക്ടർമാർ ജില്ലയിലെ പ്രധാന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ , വിവിധ വകുപ്പിലെ മേധാവികൾ ഉൾപ്പെടുന്ന 26 അംഗ കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചു. 40 ബെഡുകൾ ഉൾപ്പെടുന്ന ഐസോലേഷൻ യൂണിറ്റ് പാലക്കാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുണ്ട്..
മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.