കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടില്‍ മന്ത്രി വീണാ ജോര്‍ജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സംഭവിച്ചത് ദൗര്‍ഭാഗ്യകരമെന്ന് വീണ ജോര്‍ജ്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും സഹായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ ബിന്ദുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ വൈകുന്നതില്‍ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. Also Read: 'പൊളിഞ്ഞുവീണ കെട്ടിടം രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിച്ചിരുന്നു'; റിപ്പോര്‍ട്ട് കൈമാറാന്‍ കലക്ടര്‍
സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. മകന് സ്ഥിര ജോലി നല്‍കാമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കിയെന്നും രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചെന്നും വിശ്രുതന്‍ പറഞ്ഞു.
അതേസമയം, കോട്ടയം മെഡിക്കൽ കോളജ് അപകടത്തിലെ അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്ടർ. പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. പൊതുമരാമത്ത് കെട്ടിട വിഭാഗം ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരിൽ നിന്ന് ജില്ലാ ഭരണകൂടം വിവരങ്ങൾ ശേഖരിച്ചു.
അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് രോഗികളെ മാറ്റാതിരുന്നതിന്റെ കാരണം മെഡിക്കൽ കോളജ് സൂപ്രണ്ട് കലക്ടറെ ബോധിപ്പിച്ചു. അതേസമയം അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ നാളെ പുനരാരംഭിച്ചേക്കും. വിദേശരാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയെത്തിയ രോഗികള്‍ ശസ്ത്രക്രിയ കാത്ത് കഴിയുകയാണ്. ഓപ്പറേഷൻ തിയറ്ററുകൾ പുതിയ കെട്ടിടത്തിൽ സജ്ജമാക്കാനുള്ള നടപടികൾ അതിവേഗത്തിൽ തുടരുകയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും അറിയിച്ചു.