മുഖ്യമന്ത്രിയുടെ അവലോകനം നടക്കുന്നതിനിടെയുണ്ടായ കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ രക്ഷാദൗത്യം വൈകി. യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കലക്ടർക്കും ഉദ്യോഗസ്ഥര്‍ക്കും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ എത്താനായില്ല. ജില്ലാ ഫയർ ഓഫിസർ ഉൾപ്പെടെയുള്ളവർ വൈകിയാണ് സ്ഥലത്ത് എത്തിയത്. യോഗത്തിൽ നിന്നിറങ്ങിപ്പോയാലുള്ള ഭവിഷ്യത്ത് കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥർക്കും ആദ്യ മണിക്കൂറുകളിൽ എത്താനായില്ല. പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരും വൈകി. ഫയര്‍ഫോഴ്സിനും പൊലീസിനും കൃത്യസമയത്ത് നിർദേശം നൽകാനാകാത്തതും സ്ഥിതി കൂടുതല്‍ വഷളാക്കി. അഗ്നിരക്ഷാസേന കെട്ടിടാവശിഷ്ടങ്ങൾ നീക്കിയില്ല. മണ്ണുമാന്തിയന്ത്രത്തിനായി കാത്തത് രണ്ടു മണിക്കൂറാണ്. Also Read: ബിന്ദുവെന്ന രക്തസാക്ഷി; ധാര്‍മികത പേരിനെങ്കിലും; ഉത്തരവാദിയാര്?
അതേസമയം, കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് കൈമാറാനുള്ള ധനസഹായം സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ ഇന്ന് സർക്കാരിന് കൈമാറും. കലക്ടറുടെ റിപ്പോർട്ട് പ്രകാരം പതിനൊന്നിന് ചേരുന്ന മന്ത്രിസഭാ യോഗം ധനസഹായം തീരുമാനിക്കും. എങ്ങനെ അപകടമുണ്ടായി, രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായോ എന്നതില്‍ കലക്ടറുടെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ചീഫ് സെക്രട്ടറിക്ക് കൈമാറും.
അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും. ഇന്നലെ കുടുംബവുമായി മന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. അടിയന്തര ധനസഹായമായി അമ്പതിനായിരം രൂപ അനുവദിച്ചത് കൂടാതെ ബിന്ദുവിന്റെ മകന് മെഡിക്കൽ കോളജിൽ താൽക്കാലിക ജോലി നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ ഇന്നലെ വീട്ടിലെത്തിയപ്പോള്‍ അറിയിച്ചിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കടുത്ത പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് ഉച്ചയ്ക്ക് മന്ത്രി മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധം ശക്തമാക്കി വിഷയം കത്തിച്ച് നിര്‍ത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിട്ടുള്ളത്. ഇന്നലെയും വിവിധ പ്രതിപക്ഷ സംഘടനകള്‍ വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.