പത്തനംതിട്ടയിൽ കഴിഞ്ഞദിവസം ചരിഞ്ഞ ദേവസ്വം ബോർഡിന്റെ കൊമ്പൻ ഓമല്ലൂർ മണികണ്ഠനു മതിയായ ചികിത്സ കിട്ടിയിരുന്നില്ലെന്നു നാട്ടുകാർ. ആനയുടെ സംസ്കാരത്തിനു മുൻപ് നാട്ടുകാരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും തമ്മിൽ ചികിത്സയുടെ പേരിൽ അടക്കം വലിയ വാക്കേറ്റം ഉണ്ടായി. മൂന്നുമണിക്ക് ആനയുടെ ജഡം എത്തിച്ചെങ്കിലും കത്തിക്കാനുള്ള വിറക് എത്തിച്ചത് രാത്രി 7:00 മണിക്കായിരുന്നു.
പത്തനംതിട്ടക്കാരുടെ പ്രിയപ്പെട്ട കൊമ്പനാണ് കഴിഞ്ഞദിവസം ചരിഞ്ഞ ഓമല്ലൂർ മണികണ്ഠൻ. മാതംഗശാസ്ത്രപ്രകാരം ലക്ഷണമൊത്ത കൊമ്പൻ. 56 വയസായിരുന്നു. ചലച്ചിത്ര താരം കെ.ആർ.വിജയ ശബരിമല ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തിയ ആനയാണ് മണികണ്‌ഠൻ. എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ചെരിഞ്ഞു. വ്യാഴാഴ്ച കല്ലേലി വനത്തിൽ ആയിരുന്നു സംസ്കാരം. ജഡത്തിനൊപ്പം വലിയ സംഘം ഓമല്ലൂർ സ്വദേശികളും ആനപ്രേമികളും അനുഗമിച്ചിരുന്നു. അവിടെ എത്തിയപ്പോഴാണ് ഒരു ക്രമീകരണവും ഒരുക്കിയില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് നാട്ടുകാർ പൊട്ടിത്തെറിച്ചത്.
മൂന്നുമണിക്ക് ജഡമെത്തിച്ചെങ്കിലും കത്തിക്കാൻ വിറകില്ല. ടയർ വാരിയിട്ടു കത്തിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. ജനവാസ മേഖലയിൽ സംസ്കരിക്കാൻ കഴിയാത്തതുകൊണ്ടാണ് കൊമ്പനെ വനത്തിൽ എത്തിച്ചത്. വൈകിട്ട് 7 മണിയോടെയാണ് ദേവസ്വം ബോർഡ് പറഞ്ഞേൽപ്പിച്ച വിറകെത്തിയത്. ആനയുടെ ചികിത്സ പോരെന്ന് മുൻപ് പലവട്ടം പരാതി നൽകിയിരുന്നതാണ്. ദേവസ്വം ബോർഡ് മതിയായ ചികിത്സ നൽകാത്തതാണ് ചരിയാൻ കാരണമെന്നാണ് ആരോപണം. വരുംദിവസങ്ങളിൽ കൂടുതൽ പരാതികളും പ്രതിഷേധങ്ങളും ഉണ്ടാകും.