കൊച്ചി ഇടപ്പള്ളിയില്‍ അഞ്ചും ആറും വയസുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വാല്‍സല്യത്തിന്‍റെ വമ്പന്‍ ട്വിസ്റ്റ്. കുട്ടികള്‍ക്ക് മിഠായി നല്‍കിയത് തട്ടിക്കൊണ്ടുപോകാനല്ല സ്നേഹം കൊണ്ടായിരുന്നുവെന്ന് ഒമാന്‍ സ്വദേശികളായ ദമ്പതികള്‍ അറിയിച്ചു. പൊലീസിന്‍റെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ഇടപ്പള്ളിയിലെ കുടുംബം പരാതി പിന്‍വലിച്ച് കൈകൊടുത്തു പിരിഞ്ഞു. 

സംശയത്തിന്‍റെ മറ നീങ്ങി. ഒമാന്‍ സ്വദേശി ഹുസൈനും ഭാര്യയും മകളും ഇടപ്പള്ളിയിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രമിച്ചത് വാല്‍സല്യത്തിന്‍റെ മിഠായി മധുരമാണെന്ന് ബോധ്യപ്പെട്ടു. ഇന്നലെ ഇടപ്പള്ളി പോണേക്കരയിലെ വീട്ടില്‍ നിന്നും ട്യൂഷന് പോകുന്നതിനിടെ സഹോദരങ്ങളായ പെണ്‍കുട്ടികളുടെ അടുത്ത് ഒരു കാര്‍ നിര്‍ത്തുന്നു. കാറിന്‍റെ പിറകുവശത്തിരുന്നയാള്‍ കുട്ടികള്‍ക്ക് മിഠായി നല്‍കാന്‍ ശ്രമിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് കുട്ടികള്‍ക്ക് സംശയം തോന്നി. ട്യൂഷന്‍ ടീച്ചറോട് ആശങ്ക അറിയിച്ചു.  

സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതി‍ഞ്ഞ കാറിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഒന്‍പത് ദിവസം മുന്‍പ് കേരളത്തില്‍ വിനോദസഞ്ചാരികളായെത്തിയ ഒമാന്‍ സ്വദേശി ഹുസൈന്‍റെ കുടുംബത്തിലേയ്ക്ക് അങ്ങനെ എത്തി. മകളുടെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാല്‍സ്യം തോന്നി മിഠായി നല്‍കിയെന്ന് ഹുസൈന്‍ വിശദീകരിച്ചു. പരാതിക്കാരെ വിളിച്ചുവരുത്തി പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചു. പരാതി പിന്‍വലിച്ചു. കൈയ്പ്പ് മാറി മഠായി മധുരമായി. ഹുസൈനും കുടുംബവും ഇന്ന് രാത്രി സ്വദേശത്തേയ്ക്ക് മടങ്ങും. 

ENGLISH SUMMARY:

A suspected child abduction case in Kochi’s Edappally turned out to be a misunderstanding when an Omani couple explained they had offered sweets to two young girls out of affection. After police clarified the situation, the local family withdrew their complaint, and the matter ended amicably.