nipah-palakkad

TOPICS COVERED

സംസ്ഥാനത്തെ നിപ സമ്പർക്കപ്പട്ടികയിൽ 425 പേര്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ നിപയുടെ സാന്നിധ്യം ആശങ്ക ഉയർത്തുന്നത്.

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ

മലപ്പുറം മക്കരപറമ്പിലെ 18 വയസ്സുകാരിയുടെ മരണം നിപ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവർത്തകർ കടുത്ത പ്രതിരോധ നടപടികളിലേക്ക് കടന്നു. മക്കരപറമ്പ് പഞ്ചായത്തിലെ 1 മുതൽ 13 വരെയുള്ള വാർഡുകൾ, കൂട്ടിലങ്ങാടി പഞ്ചായത്തിലെ 11, 15 വാർഡുകൾ, മങ്കടയിലെ 14-ാം വാർഡ്, കുറുവ ഗ്രാമപഞ്ചായത്ത് പരിധിയിലെ 2, 3, 5, 6 വാർഡുകൾ എന്നിങ്ങനെ 20 വാർഡുകൾ കണ്ടെയ്ൻമെന്‍റെ സോണുകളായി പ്രഖ്യാപിച്ചു. മലപ്പുറത്ത് 211 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.

പാലക്കാടും കോഴിക്കോടും നിപ ഭീതി

പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർക്ക് നേരത്തെ നിപ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുവായ 10 വയസ്സുകാരിക്ക് പനി സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രോഗവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ തച്ഛനാട്ടുകര മേഖലയിൽ ആരോഗ്യ വകുപ്പിന്‍റെ സർവ്വേ തുടരുകയാണ്. പനി ബാധിച്ചത് മുതലുള്ള യുവതിയുടെ റൂട്ട്മാപ്പ് കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. പാലക്കാട് ജില്ലയിൽ 91 പേർ സമ്പർക്കപ്പട്ടികയിലുണ്ട്. കൂടാതെ, പാലക്കാട് 6 വാർഡുകൾ അടച്ചിട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 43 ആരോഗ്യപ്രവർത്തകരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.

പരിശോധനകളും ആശങ്കകളും

യുവതിയുടെ വീടിനോട് ചേർന്ന് കണ്ടെത്തിയ വവ്വാൽ കൂട്ടം ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു. യുവതിയുടെ വീടിന്‍റെ സമീപ പ്രദേശങ്ങളിലുള്ള വളർത്തു മൃഗങ്ങളുടെ സ്രവങ്ങളും വവ്വാൽ കൂട്ടങ്ങളുടെ വിസർജ്യവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.