karunakaran

TOPICS COVERED

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന് തലസ്ഥാനത്ത് സ്മാരക മന്ദിരം ഉയരുന്നു. ഭൂമി അനുവദിച്ച് രണ്ടുതവണ തറക്കല്ലിട്ട നന്ദാവനത്തെ വസ്തുവില്‍ ഇന്ന് നിര്‍മാണപ്രവര്‍ത്തനം തുടങ്ങുന്നു. രണ്ടുനില പാര്‍ക്കിങ് ഉള്‍പ്പെടെ 7 നിലകളിലായി നിര്‍മിക്കുന്ന 23 കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. കെ.കരുണാകരന്റെ 107–ാം ജന്മവാര്‍ഷികം കൂടിയാണിന്ന്. 

മണ്‍മറഞ്ഞ് പതിനഞ്ച് വര്‍ഷമാകുമ്പോഴും ജനമനസുകളില്‍ മായാത്ത ലീഡ‍ര്‍ക്ക് ഒടുവില്‍ തലസ്ഥാനത്ത് പാ‍ര്‍ട്ടിയുടെ സ്മാരകം ഉയരുകയാണ്. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് നന്ദാവനത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാ‍ര്‍ 37 സെന്റ് സ്ഥലം അനുവദിച്ചത്. എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും വ്യത്യസ്ത കാലങ്ങളില്‍ തറക്കലിട്ടു. പക്ഷേ കല്ലുകള്‍ ഒന്നും അനങ്ങിയില്ല. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ പ്ളാനിലും മാറ്റം വന്നിട്ടുണ്ട്. 11 നിലകള്‍ എന്നത് 7 നിലകളിലായി മാറ്റി. ഇന്ന് തുടങ്ങുന്ന നിര്‍മാണപ്രവര്‍ത്തനം ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. സ്വകാര്യ കെട്ടിട നിര്‍മാണകമ്പനി  23 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്മാരകത്തില്‍ ലീഡര്‍ കല ആവോളം അറിയാന്‍ അവസരമുണ്ടാകും. ചിത്രരചന പഠിച്ച ലീഡര്‍ കേരള രാഷ്ട്രീയത്തിന്റെ ചിത്രം മാറ്റിവരച്ചത് ചരിത്രമാണല്ലോ. അതുകൊണ്ട് ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട് കൂടി അടങ്ങുന്നതാണ് കെ.കരുണാകരന്‍ സെന്റര്‍. രാഷ്ട്രീയപഠന കേന്ദ്രം, ലൈബ്രറി, രോഗികൾക്കുള്ള സ്വാന്ത്വനകേന്ദ്രം തുടങ്ങിയവമുണ്ടാകും. സ്മാരകമന്ദിരത്തിന് നേതൃത്വം നല്‍കുന്ന കെ.പി.സി.സിക്ക് കീഴിലുള്ള കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ ഇതുവരെ നയിച്ചത് കെ.പി.സി.സി പ്രസിഡന്റുമാരാ‍ണെങ്കില്‍ അതിലും വരുത്തി മാറ്റം. വി.ഡി.സതീശനാണ് പുതിയ ചെയ‍ര്‍മാന്‍. വര്‍ക്കിങ് ചെയ‍ര്‍മാനായി കെ.മുരളീധരനും ജനറല്‍സെക്രട്ടറിയായി ഇബ്രാഹിംകുട്ടി കല്ലാറും തുടരും. 

ENGLISH SUMMARY:

Construction has officially begun on a memorial building in Thiruvananthapuram to honor former Chief Minister K. Karunakaran. Despite two earlier foundation stone-laying ceremonies, the project is now materializing at Nandavanam on allotted land. The seven-storey building, which includes two levels of parking, is being built at an estimated cost of ₹23 crore. The work commenced on the occasion of Karunakaran’s 107th birth anniversary.