nipah-pkd

TOPICS COVERED

പാലക്കാട് നാട്ടുകല്‍ സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി. ഹൈ റിസ്ക്കിലുള്ളവര്‍ക്ക് 21 ദിവസം ക്വാറന്റീനില്‍ പോകണം. അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച 18 കാരിക്ക് നിപ ബാധയെന്ന് സംശയം. മലപ്പുറം മങ്കട സ്വദേശിനിയുടെ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ഈ മാസം ഒന്നിനാണ് 18കാരി  കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ മാസം 28ന്  മെഡിക്കൽ കോളജിൽ എത്തുമ്പോൾ  മലപ്പുറം മങ്കട സ്വദേശിയായ പെൺകുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പരമാവധി ശ്രമിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോട്ടത്തിലാണ് നിപ സൂചനകൾ കണ്ടത്. തുടർന്ന് സാംപിൾ പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ്. 

വിദഗ്ധ പരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് സാംപിൾ  അയച്ചു. പരിശോധന ഫലം നാളെ ലഭിച്ചേക്കും. അതിനിടെ നിപ സംശയങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  പാലക്കാട് സ്വദേശിനിയായ 38 കാരിക്ക് രോഗം സ്ഥിരീകരിച്ചു.  നിപ ബാധയുടെ  പശ്ചാത്തലത്തിൽ കോഴിക്കോട് മലപ്പുറം പാലക്കാട്‌ ജില്ലകൾ ജാഗ്രത പാലിക്കണം. 

സമ്പർക്ക പട്ടിക കണ്ടെത്താൻ പൊലീസിന്റെ സഹായം തേടും. പാലക്കാട് നാട്ടുക്കൽ കിഴക്കുംപുറം മേഖലയിലെ മൂന്നു കിലോമീറ്റർ പരിധി  കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിൽ ഉണ്ട്. പ്രദേശത്തെ  മൂന്നു സ്കൂളുകൾ താൽക്കാലികമായി അടയ്ക്കാൻ മണ്ണാർക്കാട് എഇഒ നിർദ്ദേശം നൽകി.

ENGLISH SUMMARY:

Nipah confirmed in a native of Nattukal, Palakkad. The result from the Pune lab is positive. Restrictions have been imposed within a three-kilometre radius in Nattukal East, declared as a containment zone. Over a hundred people are on the high-risk list. The woman sought treatment in places including Mannarkkad, Palode, and Karinkallathan