കോട്ടയം മെഡിക്കല്‍ കോളജില്‍ തകര്‍ന്നുവീണ കെട്ടിടം റവന്യു സംഘം ഇന്ന് പരിശോധിക്കും. കലക്ടറുടെ നേതൃത്വത്തിലാണ് റവന്യുസംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം, ആശുപത്രിയില്‍ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടത്തും. തലയോലപറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടിലേക്കെത്തിക്കും. 7.30 മുതൽ 11വരെ പൊതുദർശനമുണ്ടാകും. രാവിലെ 11ന് സംസ്കാര ചടങ്ങുകൾ നടക്കും.
ഇന്നലെ രാവിലെ പത്തേമുക്കാലോടെയാണ് മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നുവീണത്. ഉള്ളിലാരുമില്ലെന്ന് മന്ത്രിമാരടക്കം പറഞ്ഞതോടെ തിരച്ചില്‍ വൈകി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു മണിയോടെ ബിന്ദുവിന്‍റെ മൃതദേഹം കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും കണ്ടെത്തിയത്. കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണു പരുക്കേറ്റ ഒരു കുട്ടിയെയും സ്ത്രീയെയും ആദ്യം തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. മറ്റു മൂന്നുപേര്‍ക്കും പരുക്കേറ്റിരുന്നു. 12 മണിയായിട്ടും കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാതെ വന്നപ്പോള്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചു.
എന്നാല്‍ ഇടിഞ്ഞു വീണ ശുചിമുറി ആരും ഉപയോഗിക്കാറില്ലെന്നും രണ്ടുപേര്‍ക്ക് നിസാര പരുക്ക് മാത്രമാണ് ഉള്ളതെന്നുമായിരുന്നു സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍.വാസവനും അറിയിച്ചത്. ഇതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. എന്നാല്‍ അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്‍റെ മകള്‍ പറഞ്ഞതോടെയാണ് പിന്നീട് തിരച്ചില്‍ നടത്തിയത്. തകര്‍ന്നുവീണ കെട്ടിടത്തിന്‍റെ ഒരു ചുവരിനപ്പുറം രോഗികള്‍ കിടക്കുന്ന വാര്‍ഡാണ്. സുരക്ഷിതമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് 12 വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് അടക്കമാണ് പ്രവര‍്ത്തിച്ച് വന്നത്. 57 വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.