കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി മരിച്ച ബിന്ദുവിൻ്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവൺമെൻ്റ് ഏറ്റെടുക്കുമെന്ന് സിപിഎം നേതാവ് കെ.കെ.ശൈലജ. മെഡിക്കൽ കോളേജിൽ ബിന്ദുവിൻ്റെ മകളുടെ ഓപ്പറേഷൻ കൃത്യസമയത്ത് നടത്തുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ടെന്നും ശൈലജ അറിയിച്ചു. ബിന്ദുവിന്‍റെ വേർപാടിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ശൈലജ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരണമടഞ്ഞ ബിന്ദുവിന്‍റെ വേർപാടിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. വളരെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്ന ബിന്ദുവിൻ്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവൺമെൻ്റ് ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ബിന്ദുവിൻ്റെ മകളുടെ ഓപ്പറേഷൻ കൃത്യസമയത്ത് നടത്തുന്നതിനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
LDF ഭരണകാലത്ത് വമ്പിച്ച പുരോഗതിയാണ് കോട്ടയം മെഡിക്കൽ കോളേജിന് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ തകർന്നു വീണ കെട്ടിടം മാറ്റിപ്പണിയുന്നതിന് 2018ൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കിഫ്ബിയിൽ ഇടപെട്ട് ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി കാരണം നിർമ്മാണ പ്രവർത്തനന്നിന് തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റാൻ തീരുമാനിച്ചതിനിടയിലാണ് കെട്ടിടം തകർന്ന് വേദനാജനകമായ അനുഭവമുണ്ടായത്.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ മുൻകയ്യെടുത്താണ് കോളേജിൽ ഇപ്പോൾ നടന്നിട്ടുള്ള എല്ലാ വികസനങ്ങളും ഉണ്ടായിട്ടുള്ളത്. ഹൃദയ ശസ്ത്രക്രിയക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ച് ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറേയും ആരോഗ്യ വകുപ്പിൻ്റെ നേട്ടങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങൾ തിരിച്ചറിയണം.
ബിന്ദുവിൻ്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗവൺമെൻ്റിനോട് അഭ്യർത്ഥിക്കുന്നു.