കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ വി.സി നല്‍കിയ സസ്പെന്‍ഷന്‍ ഉത്തരവ് അവഗണിച്ച് റജിസ്ട്രാര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്തെത്തി. വിസിക്കും ഗവര്‍ണര്‍ക്കും എതിരെ ഇടത് സംഘടനകളുടെ പ്രതിഷേധത്തിനിടെ താല്‍ക്കാലിക വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു. വി.സി കൂലിത്തല്ലുകാരനെ പോലെ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും സംഭവത്തിൽ മുഖ്യമന്ത്രി ഗൗരവമായി ഇടപെടുന്നില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി.
കാവിക്കൊടിയേന്തിയ ഭാരതാംബാ വിവാദത്തിന്‍റെ അലയൊലികള്‍ കേരള സര്‍വകലാശാല കാമ്പസിനെ ഇന്നും കലുഷിതമാക്കി. വിസി നല്‍കിയ സസ്പെന്‍ഷന്‍ ഉത്തരവ് അവഗണിച്ച് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര് സര്‍വകലാശാല ആസ്ഥാനത്തെത്തി.
സ്വാകാര്യവാഹനത്തിലെത്തിയ ഡോ.അനില്‍കുമാര്‍ ഒൗദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചില്ല . ഇതിനിടെ ഗവര്‍ണര്‍ക്കും വിസിക്കുമെതിരെ പ്രതിഷേധ സമരവുമായി ഇടത് അനുകൂല ജീവനക്കാരുടെയും അധ്യാപകരുടെയും സഘടനകളെത്തി. പ്രതിഷേധം നടക്കുന്നതിനിടെ വന്‍ പൊലീസ് സുരക്ഷയില്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ.സിസ തോമസ് സര്‍വകലാശാല ആസ്ഥാനത്തെത്തി വിസിയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുത്തു.ഗവര്‍ണര്‍ക്കും വിസിക്കുമെതിരെ സര്‍വകലാശാലക്കു പുറത്തും വിമര്‍ശനങ്ങളുടെ കുത്തൊഴുക്കായിരുന്നു. വി.സിയെ കൂലിത്തല്ലുകാരനെന്നാണ് മന്ത്രി വി. ശിവൻകുട്ടി വിശേഷിപ്പിച്ചത്.
ആർ.എസ്.എസ് ബിംബങ്ങൾ സമൂഹത്തിൻ്റെ പൊതുധാരയിൽ കൊണ്ടുവരാൻ ഗവർണർ മനപൂർവ്വം ശ്രമിക്കുന്നു എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഗവർണർ പതിവു ശൈലിയിൽ പോകുമ്പോൾ മുഖ്യമന്ത്രി ഗൗരവമായി ഇടപെടാത്തത് എന്താണെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. സസ്പെന്‍ഷനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റജിസ്ട്രാര്‍.