പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഭൂമികയ്യേറ്റത്തില്‍ റവന്യൂവകുപ്പിനെയും പട്ടികവര്‍ഗ വകുപ്പിനെയും വിമര്‍ശിച്ച് സി.പി.ഐ നേതാവ് കെ.ഇ. ഇസ്‌മായില്‍. റവന്യൂ വകുപ്പ് അടുത്തിടെ വിതരണം ചെയ്‌ത പട്ടയം ആദിവാസികള്‍ക്ക് കിട്ടിയില്ലെന്നും കയ്യേറ്റം ചെയ്യപ്പെട്ട ഭൂമിതിരിച്ചു പിടിക്കാന്‍ സര്‍ക്കാരിനായില്ലെന്നും ഇസ്‌മായില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് മുന്‍ റവന്യുമന്ത്രി കൂടിയായ കെ.ഇ. ഇസ്‌മായില്‍ അട്ടപ്പാടിയിലെ കയ്യേറ്റഭൂമി സന്ദര്‍ശിച്ചത്. തുടര്‍ന്ന് സര്‍ക്കാരിനെയും പ്രത്യേകിച്ചു റവന്യുവകുപ്പിനെയും വിമര്‍ശിച്ച് ഇസ്‌മായിലിന്‍റെ പ്രതികരണം. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിട്ടും സര്‍ക്കാരിന്‍റെ ഇടപെടല്‍ വേണ്ടവിധത്തിലുണ്ടായില്ലെന്നായിരുന്നു പ്രതികരണം
അടുത്തിടെ റവന്യുമന്ത്രി കെ.രാജനും റവന്യുമന്ത്രിയായിരിക്കെ താനും വിതരണം ചെയ്‌ത പട്ടയങ്ങളൊന്നും ആദിവാസികള്‍ക്ക് കിട്ടിയില്ലെന്നും ഇസ്‌മായില്‍ പറഞ്ഞുവെച്ചു. അട്ടപ്പാടിയില്‍ വിതരണം ചെയ്‌തതൊക്കെ മറ്റു സ്വകാര്യവ്യക്തികള്‍ കയ്യടക്കി. ഇതിലും നടപടിയുണ്ടായില്ല. ആദിവാസി ഭൂമികയ്യേറ്റത്തില്‍ ജില്ലയില്‍ നിന്നുള്ള സിപിഐ നേതാക്കള്‍ കൂടി നടപടി നേരിട്ടുകൊണ്ടിരിക്കെയാണ് ഇസ്‌മായിലിന്‍റെ പ്രതികരണവും സന്ദര്‍ശനവും.
കയ്യേറ്റ വിഷയത്തില്‍ നിലപാടെടുക്കാന്‍ പാര്‍ട്ടി കാണിക്കുന്ന മെല്ലേപ്പോക്ക് നേരത്തെ ചര്‍ച്ചയായതാണ്. വകുപ്പ്മന്ത്രിയെ കൂടി ലക്ഷ്യം വെച്ചുള്ള ഇസ്‌മായിലിന്‍റെ പുതിയ വിമര്‍ശനം രാഷ്‌ട്രീയമാണെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള ഒരു വിഭാഗത്തിന്‍റെ പ്രതികരണം. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജുവിന്‍റെ മരണത്തിനു പിന്നാലെയുള്ള പ്രതികരണത്തിന്‍റെ പേരില്‍ കെ.ഇ ഇസ്‌മായില്‍ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഷനിലാണ്.