veena-george

മന്ത്രി വീണ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നേതാക്കൾക്കെതിരെ നടപടി ഉണ്ടാകും എന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മന്ത്രി  വിവാദത്തിലേക്ക് വീണതോടെ അടക്കി വെച്ചിരുന്ന രോഷം  സ്വന്തം ജില്ലയിലെ പാർട്ടിക്കുള്ളിൽ പുകയുകയാണ്. അതിനിടെ ജില്ലാ സെക്രട്ടറി തന്നെ മന്ത്രിയെ പരിഹസിച്ചുവെന്നും വിമർശനം ഉയരുന്നുണ്ട്.

പുറത്താക്കപ്പെട്ട സിഡബ്ല്യുസി ചെയർമാൻ എൻ. രാജീവാണ് പരിഹസിച്ചു പോസ്റ്റിട്ടവരിൽ ഒരാൾ.  സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ ഇരവിപേരൂർ സ്വദേശി രാജീവിനെ പോക്സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തത്.   മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് രാജീവ് പരിഹസിച്ചത്. വീണ ജോർജിന് മന്ത്രി അല്ല എംഎൽഎ പോലും ആകാൻ യോഗ്യതയില്ല എന്നായിരുന്നു ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പിജെ ജോൺസന്‍റെ പോസ്റ്റ്. പരിശോധിച്ചു നടപടിയെന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്.

ഇതിനിടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും  മന്ത്രി വീണാ ജോർജിനെ ട്രോളിയോ എന്നൊരു പക്ഷവും ഉയരുന്നു.  ഒന്നരവർഷം മുൻപ് ജയിലിൽ മോചിതയായി എസ്എഫ്ഐ വനിതാ നേതാവ് പുറത്തേക്ക് വരുന്ന വീഡിയോയാണ് രാത്രി ഇട്ടത്. 'മോങ്ങലുണ്ടായില്ല, വ്യാജ മെഡിക്കൽ റിപ്പോർട്ട് നൽകിയില്ല' എന്നീ കാര്യങ്ങൾ റീലിൽ പറയുന്നുണ്ട്. മന്ത്രി ആശുപത്രിയിലാകും മുൻപാണ് താൻ റീൽ ഇട്ടതെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. റീലിന്‍റെ സമയം നോക്കുമ്പോൾ ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ്. മന്ത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത് രാത്രി ഏഴരയോടെ. വീണാ ജോർജുമായി റീലിന് യാതൊരു ബന്ധവുമില്ല എന്നാണ് രാജു എബ്രഹാം പറയുന്നത്.

ഒന്നരവർഷം മുമ്പുള്ള റീൽ ഇപ്പോൾ ഇടാൻ പ്രേരിപ്പിച്ചത് എന്താണ് എന്ന് ജില്ലാ സെക്രട്ടറി പറയുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ ഉയരാനാണ് സാധ്യത. സംസ്ഥാന സമ്മേളന സമയത്ത് മുതിർന്ന നേതാവടക്കം പരസ്യ വിമർശനം ഉയർത്തിയിരുന്നതാണ്.

ENGLISH SUMMARY:

CPM faces internal strife in Pathanamthitta as leaders post mocking Facebook updates against Minister Veena George. District Secretary Raju Abraham promises action. Suspended leader N. Rajeev among those criticized. Controversy brews over a reel posted by the secretary himself.