പൊളിക്കണോ വേണ്ടയോ? മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാതെ, 12 വര്‍ഷമായി വീണ്ടും വീണ്ടും പഠനം നടത്തുകയായിരുന്നു സര്‍ക്കാര്‍ വകുപ്പുകള്‍. കെടുകാര്യസ്ഥതയും മെല്ലെപ്പോക്കും തന്നെയാണ് ഒടുവില്‍ ഒരു മനുഷ്യജീവന്‍ കവര്‍ന്നെടുത്തത്.
സര്‍ജിക്കല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്‍റും 11 മുതല്‍ പതിനഞ്ച് വരെയുളള വാര്‍ഡുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ബലക്ഷയം എന്ന പരാതി വന്നത് 2013 ല്‍. പഠിക്കാന്‍ പിഡബ്ലൂഡിയെ ചുമതലപ്പെടുത്തി. പഠനം തുടര്‍ന്നു. 2016 ല്‍ വീണ്ടും പരാതി. ഇതോടെ വിഷയം അന്നത്തെ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രി കെ.കെ. ശൈലജ യോഗം വിളിച്ചു. വീണ്ടും പഠിക്കാന്‍ പിഡബ്ലൂഡിക്ക് നിര്‍ദേശം. കെട്ടിടം ഉപയോഗയോഗ്യമാക്കാനാകുമോ അതോ പൊളിച്ചുകളയണോ എന്ന് തീരുമാനിക്കാന്‍ പിഡബ്ലൂഡിക്ക് കഴിഞ്ഞില്ല. ഇത് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് പിഡബ്ലൂഡി റിപ്പോര്‍ട്ട്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെയും പഠന ദൗത്യം ഏല്‍പിച്ചു. കൃത്യമായ റിപ്പോര്‍ട്ട് അവരും നല്‍കിയില്ല. അപ്പോളേക്ക് കൊല്ലം പത്ത് പിന്നിട്ടു. പഠിക്കാന്‍ സ്ട്രക്ചറല്‍ ലാബിനെ ചുമതലപ്പെടുത്തി. കെട്ടിടം ഉപയോഗ ശൂന്യമെന്നും പൊളിക്കണമെന്നും 2024 ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീണ്ടും പിഡബ്ലിയുഡിക്കാര്‍ വക സൈറ്റ് വിസിറ്റ്. തുടര്‍ യോഗങ്ങള്‍. പക്ഷേ പൊളിക്കാന്‍ ആളെത്തുന്നതും കാത്ത് കെട്ടിടം നിന്നില്ല. സ്വയം പൊളിഞ്ഞുവീണു.
2020 ല്‍ ആര്‍പ്പൂക്കര പഞ്ചായത്തിന്‍റെ ദുരന്തനിവാരണ ഓഡിറ്റ് രേഖയില്‍ പാളിച്ചുമാറ്റാന്‍ നിര്‍ദേശിച്ച കെട്ടിടം ചിത്രം ഉള്‍പ്പെടെ ഇടം പിടിച്ചിരുന്നു. എന്നാല്‍ അടുത്ത അഞ്ചുകൊല്ലവും ആ കെട്ടിടം അധികൃതര്‍ക്ക് സേഫായിത്തന്നെ തുടര്‍ന്നു. ഇടിഞ്ഞുവീഴാറായെന്ന് കണ്‍മുന്നില്‍ കാണാവുന്ന ഒരു കെട്ടിടത്തിന്‍റെ കാര്യത്തിലായിരുന്നു ഈ മെല്ലെപ്പോക്ക് അത്രയും.