2019 മേയില്‍ യുഎസ് എയര്‍ഫോഴ്സിന്‍റെ എഫ്-35എ വിമാനം എഗ്ലിന്‍ എയര്‍ ഫോഴ്സ് ബേസില്‍ നിന്നും സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് യൂട്ടായിലെ ഹില്‍ എയര്‍ഫോഴ്സ് ബേസിലേക്ക് മാറ്റുന്നു. Image Credit: Facebook.com/newsiadn
തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധ വിമാനം തിരികെ പറക്കുന്നത് ചരുക്കുവിമാനത്തിലാകുമെന്ന് ഏതാണ്ട് ഉറപ്പായി. ശനിയാഴ്ചയോടെ 40 അംഗ വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തുന്നതോടെ വിമാനത്തെ തിരികെ കൊണ്ടുപോകാനുള്ള പണികള്‍ ആരംഭിക്കും. യുദ്ധവിമാനം ഭാഗികമായി പൊളിച്ച് സൈനിക ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III യില്‍ തിരികെ അയച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്.
എഫ്-35ബിയുടെ അറ്റകുറ്റപണി തുടങ്ങിയില്‍ എന്നുതീരും എന്നതില്‍ വ്യക്തതയില്ലാത്തതിനാലാണ് വിമാനത്തെ പാര്‍സലാക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് എഫ്-35ബി യുദ്ധവിമാനത്തെ ബ്രിട്ടനിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ, യുഎസ്, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഹെവി-ലിഫ്റ്റ് കാർഗോ വിമാനമാണ് ഗ്ലോബ്മാസ്റ്റർ. 77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ഗ്ലോബമാസ്റ്റര്‍. രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും. എന്നാല്‍ എഫ്–35 ന്‍റെ വലുപ്പമാണ് പ്രതിസന്ധി.
14 മീറ്റര്‍ നീളവും 11 മീറ്ററോളം വീതിയുമുള്ള യുദ്ധവിമാനാമണ് എഫ്-35ബി. 26 മീറ്റര്‍ വരെ നീളത്തില്‍ കാര്‍ഗോ വഹിക്കാന്‍ സാധിക്കുമെങ്കിലും നാല് മീറ്റര്‍ മാത്രമാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളുടെ വീതി. വിമാനത്തിന്‍റെ ചിറക് ഊരിമാറ്റാതെ എഫ്-35നെ കൊണ്ടുപോകുക സാധ്യമല്ലെന്ന് ചുരുക്കം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇതിനുള്ള ജോലികള്‍ ആരംഭിക്കും. യുകെയില്‍ നിന്നെത്തുന്ന സാങ്കേതിക വിദഗ്ധർ ചിറകുകൾ വേർപെടുത്തുകയും സി-17 ന്‍റെ കാർഗോ ഹോൾഡിലേക്ക് നീക്കാന്‍ സാധിക്കുന്ന കോംപാക്റ്റ് യൂണിറ്റാക്കി മാറ്റുകയും ചെയ്യുമെന്നാണ് വിവരം.
Also Read: ‘ഇങ്ങനെയൊക്കെ കുടുങ്ങാമോ? ശത്രുരാജ്യത്താണെങ്കിലോ?’ ഉത്തരം മുട്ടി റോയല്‍ നേവി
അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന്‍റെ ചിറകുകൾ വേർപെടുത്തുക അതിസങ്കീര്‍ണമായ നടപടിയാണ്. നിര്‍മാതാക്കളായ ലോക്ഹെഡ് മാര്‍ട്ടിന്‍റെ സാങ്കേതിക വിദഗ്ധര്‍ക്ക് മാത്രമെ ചിറകുകള്‍ വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഡാറ്റ ചോര്‍ച്ചയില്ലാതിരിക്കാന്‍ ഓരോ സ്ക്രൂവും സുരക്ഷാ കോഡ് ചെയ്തനിലയിലാണ്.
സ്റ്റെൽത്ത് സാങ്കേതികവിദ്യ ചോരുന്നത് യുദ്ധ രഹസ്യങ്ങൾ വെളിപ്പെടുത്തുകയും നയതന്ത്ര, സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും പോന്നകാര്യമാണ്. അതിനാല്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാകും വിമാനത്തിന്‍റെ ചിറകുകള്‍ വേര്‍പ്പെടുത്തുക.
ഇതാദ്യമായല്ല എഫ്-35 വിമാനങ്ങളുടെ ചിറകുകള്‍ വേര്‍പ്പെടുത്തി മാറ്റുന്നത്. 2019 മേയില്‍ യുഎസ് എയര്‍ഫോഴ്സിന്‍റെ എഫ്-35എ വിമാനം എഗ്ലിന്‍ എയര്‍ ഫോഴ്സ് ബേസില്‍ നിന്നും സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് യൂട്ടായിലെ ഹില്‍ എയര്‍ഫോഴ്സ് ബേസിലേക്ക് മാറ്റിയിരുന്നു. 2022 ല്‍ ദക്ഷിണകൊറിയയിലും എഫ്-35 വിമാനങ്ങളെ ട്രാന്‍സ്പോര്‍ട്ട് ചെയ്തിരുന്നു.
വിമാനത്തെ പരിശോധിക്കാനുള്ള 40 പേരുള്ള വിദഗ്ധ സംഘം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. ഏപ്രില്‍ 14 നാണ് എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്‌ൽസ് കപ്പലിൽ നിന്നു പറന്നുയർന്ന വിമാനം മോശം കാലാവസ്ഥയും ഇന്ധന കുറവും കാരണം തിരിച്ചിറങ്ങാനാകാത്ത സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. മടങ്ങാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിങ് തകരാർ കണ്ടെത്തിയതോടെയാണ് വിമാനം തിരുവനന്തപുരത്ത് തുടര്‍ന്നത്.