കണ്ണൂർ അഴീക്കലിന് സമീപം അറബിക്കടലിൽ തീപിടിച്ച വാൻ ഹയ് 503 ചരക്കു കപ്പലിന്റെ വിഡിആറിലെ വിവരങ്ങൾ വീണ്ടെടുത്തു. കപ്പൽ അപകടത്തിൽപ്പെടാനുണ്ടായ കാരണം 8 മണിക്കൂറുള്ള സുപ്രധാന ഡേറ്റ പരിശോധിക്കുന്നതോടെ കണ്ടെത്താനാകും. കപ്പൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തെത്തിച്ചു. ശ്രീലങ്കൻ തീരത്ത് അടുപ്പിക്കാനുള്ള ചർച്ചകൾ കപ്പൽ കമ്പനി നടത്തിവരികയാണ്.
ജൂൺ 9 ന് അറബിക്കടലിൽ തീപിടിച്ച വാങ് ഹയ് 503 ചരക്കു കപ്പലിലെ വോയേജ് ഡേറ്റ റെക്കോർഡറിലെ വിവരങ്ങൾ സാങ്കേതിക പ്രതിസന്ധികൾ മൂലം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. സിംഗപ്പുർ പതാകയുള്ള കപ്പലിന്റെ വിഡിആറിലെ വിവരങ്ങൾ കപ്പൽ ഉടമകൾ മർക്കന്റൈൽ മറീൻ വിഭാഗത്തിന് കൈമാറി. കപ്പൽ അപകടത്തിൽപ്പെട്ട സാഹചര്യം, ക്യാപ്റ്റൻ നൽകിയ നിർദേശങ്ങൾ, ആദ്യഘട്ട രക്ഷാപ്രവർത്തനം എന്നിവയുടെ വിവരങ്ങൾ ലഭിക്കും.
200 നോട്ടിക്കൽ മൈൽവരെയാണ് ഇഇഇസെഡ് (EEZ). കപ്പലിന്‍റെ നിയന്ത്രണാധികാരം പൂർണമായും ഇന്ത്യ കപ്പൽ കമ്പനിക്ക് കൈമാറി. കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് അടുപ്പിക്കാനും ശ്രമം തുടങ്ങി. കപ്പൽ കമ്പനി ഇതിനായി ശ്രീലങ്കൻ സർക്കാരുമായി സംസാരിച്ച് വരികയാണ്. ഇന്നർ ഡെക്കിലെ ഉൾപ്പെടെ തീ ഏറെക്കുറെ പൂർണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. എൻജിൻ റൂമിലും അറകളിലും വെള്ളം കയറുന്നത് കപ്പൽ മുങ്ങുമെന്ന ആശങ്കയുണ്ടാക്കിയിരുന്നു.
എൻജിൻ റൂമിലെ വെള്ളം മുഴുവനായും പമ്പ് ചെയ്ത് നീക്കി. അതേസമയം, ആലപ്പുഴയ്ക്ക് സമീപം പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ ത്രി കപ്പലിനെ തീരത്തടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പ്രതികൂല കാലാവസ്ഥ മൂലം നീളുകയാണ്. നേരത്തെയുണ്ടായിരുന്ന ടി ആൻഡ് ടി സാൽവേജ് എന്ന കമ്പനിക്ക് പകരം സ്മിറ്റ് സാൽവേജ് എന്ന പുതിയ കമ്പനിയുമായി കപ്പൽ ഉടമകൾ കരാറിലേർപ്പെട്ടിരുന്നു.