കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. നടന്ന സംഭവം ജനങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നും നഷ്ടപരിഹാരം നല്‍കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ട്രോമ കെയര്‍ കെട്ടിടം പൊട്ടിയൊലിക്കുകയാണെന്നും ആശുപത്രിയില്‍ നിന്നും രോഗികളെ വെറുതേ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ബലക്ഷയം മൂലം അടച്ചിട്ടിരുന്ന കെട്ടിടം രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഉപയോഗിച്ചു വന്നിരുന്നു. കുളിക്കുന്നതിനായി കെട്ടിടത്തിലേക്ക് പോയപ്പോഴാണ് ബിന്ദു അപകടത്തില്‍പ്പെട്ടത്. ബിന്ദുവിനെ കാണാനില്ലെന്ന് പരാതിപ്പെട്ടുവെങ്കിലും കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിയില്ലെന്നായിരുന്നു അധികൃതരുടെ വാദം. സ്ഥലത്തെത്തിയ മന്ത്രിമാരും ഇതാവര്‍ത്തിച്ചു. എന്നാല്‍ രണ്ടര മണിക്കൂറിന് ശേഷം കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയതാണ് ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് ജനങ്ങള്‍ ആരോപിച്ചു.