പക്ഷാഘാതത്തിന് ചികില്‍സ തേടിയ യുവതിയുടെ ശസ്ത്രക്രിയ നടത്താന്‍ ഉപകരണമില്ല. എണ്‍പതിനായിരം രൂപയുടെ ശസ്ത്രക്രിയ ഉപകരണം പുറത്തു നിന്ന് വാങ്ങിയ ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. കോട്ടയം മറ്റക്കര സ്വദേശിനി രമ്യയ്ക്ക് വേണ്ടി പണം കണ്ടെത്തിയത് നാട്ടുകാരും പൊതുപ്രവര്‍ത്തകരും. Also Read: മുഖ്യമന്ത്രിയും മന്ത്രിമാരും ഡോ.ഹാരിസിനെതിരെ; ആരോഗ്യകേരളത്തില്‍ വാഴ്ത്തുപാട്ടുകാര്‍ക്ക് മാത്രമോ മാര്‍ക്കറ്റ്?
ജീവന്‍ തിരിച്ചുകിട്ടിയതിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രമ്യ നന്ദി പറയുമ്പോഴും സാമ്പത്തികമായി തളര്‍ത്തിയ മറ്റൊരു സങ്കടം പങ്കുവയ്ക്കുകയാണ് രമ്യയുടെ കുടുംബം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് കഴിഞ്ഞ മേയ് ഒൻപതിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രമ്യയെ എത്തിച്ചത്. എത്രയും വേഗം ശസ്ത്രക്രിയവേണമെന്ന് ഡോക്ടര്‍മാര്‍. പക്ഷേ പണം വേണം. ശസ്ത്രക്രിയ ഉപകരണം വാങ്ങാന്‍ രണ്ടു ലക്ഷമെങ്കിലും വേണമെന്നായി. എന്തു ചെയ്യുമെന്നറിയാതെ വലഞ്ഞ കുടുംബം സുമനസുകളുടെ സഹായം തേടി.
സബര്‍മതി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ ഒരു ലക്ഷം രൂപ അടച്ചപ്പോഴാണ് ശസ്ത്രക്രിയ നടന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്മന്‍ എംഎല്‍എ ശസ്ത്രക്രിയാ ഉപകരണം വിതരണം ചെയ്യുന്ന കമ്പനിയുമായി സംസാരിച്ചു. കുടുംബത്തിന്‍റെ സ്ഥിതി മനസിലാക്കി ഏജന്‍സി ഇരുപതിനായിരം രൂപ മടക്കി നല്‍കി. അങ്ങനെ ശസ്ത്രക്രിയ ഉപകരണത്തിന് ചെലവായത് എണ്‍പതിനായിരം രൂപ. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബം രമ്യയുടെ മരുന്നിനും മറ്റുമായി ഇപ്പോഴും സഹായം തേടുകയാണ്.