കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തര സന്ദര്‍ശനം നടത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് ആരോഗ്യസെക്രട്ടറി. പോരായ്മകള്‍ മനോരമ ന്യൂസ് നിരന്തരം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി. 

മെഡിക്കല്‍ കോളജിലെ പ്രതിസന്ധി രൂക്ഷമായതോടെയാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ അടിയന്തരസന്ദര്‍ശനം നടത്തി വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തിയത്. കുടിശിക കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ആരോഗ്യസെക്രട്ടറി സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാറിന്‍റെ വിവിധ പദ്ധതികളിലായി മെഡിക്കല്‍ കോളജിന്  250 കോടിയാണ് ലഭിക്കാനുള്ളത്. ഈ തുകയില്‍ പകുതിയെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ അനുവദിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉറപ്പുനല്‍കി. ഈ ഉറപ്പ് പാലിക്കാനായാല്‍ മരുന്ന് ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം അടുത്തയാഴ്ച്ചയോടെ നിലയ്ക്കില്ല. അല്ലെങ്കില്‍ അടുത്തയാഴ്ച്ച വിതരണം നിര്‍ത്താനായിരുന്നു വിതരണക്കാരുടെ ആലോചന. 

തീപ്പിടിത്തത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന ക്വാഷലിറ്റി ബ്ലോക്ക് തുറക്കുന്നതും ചര്‍ച്ചയായി. ഈ മാസം  പകുതിയോടെ ഇവ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയുള്ള 19 ഓപ്പറേഷന്‍ തിയേറ്ററുകള്‍ പൂട്ടികിടക്കുകയാണ്. ഇവയില്‍ ഏറെക്കുറെ പരിശോധന പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. രണ്ടുതവണ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാലേ കാഷ്വാലിറ്റി വിഭാഗം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാകൂ. 

ENGLISH SUMMARY:

Following consistent reports by Manorama News highlighting severe shortcomings at Kozhikode Medical College, the Health Secretary conducted an urgent inspection and suggested immediate solutions. The visit comes amid rising concerns over patient care and infrastructure.