കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയതിനാല്‍ രണ്ടുമണിക്കൂറിനുശേഷമാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കണ്ടെടുക്കാനായത്. കെട്ടിടം ബലക്ഷയത്തെത്തുടര്‍ന്ന് അടച്ചിട്ടതാണെന്നും ആരും ഉപയോഗിക്കുന്നില്ല എന്നുമായിരുന്നു സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍ വാസവനും വീണ ജോര്‍ജും പറഞ്ഞത്.
എന്നാല്‍ മന്ത്രിമാരുടെ വാദം തള്ളി രോഗികളും കൂട്ടിരിപ്പുകാരും രംഗത്തുവന്നു. ഭാഗ്യംകൊണ്ടാണ് പലരും രക്ഷപ്പെട്ടതെന്ന് രോഗികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയാണുണ്ടായത്. ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞതിനാല്‍ പരിശോധന നടത്തിയത് വളരെ വൈകിയാണ്.
അതേസമയം, കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. മൂന്ന് വാര്‍ഡുകളില്‍നിന്ന് രോഗികളെ മാറ്റി. ആളുകള്‍ എങ്ങനെ ഇവിടെ എത്തിയെന്നറിയില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. കെട്ടിടത്തിന്‍റെ ഒരുഭാഗം പെട്ടെന്ന് തകര്‍ന്ന് താഴേക്ക് പതിച്ചെന്ന് ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. മുകള്‍ നിലയില്‍ നില്‍ക്കുമ്പോഴാണ് അപകടം കണ്ടതെന്നും ദൃക്സാക്ഷി പറഞ്ഞു.