protest-veena-george

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ മരണം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥരെ പഴിച്ച് സ്വന്തം വീഴ്ച മറയ്ക്കാന്‍ മന്ത്രിമാരുടെ തത്രപ്പാട്. അടച്ചിട്ട കെട്ടിടമെന്നും ആരും കുടുങ്ങിയില്ലെന്നും  ആദ്യം പ്രതികരിച്ചത് പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാക്കുകേട്ടെന്ന് ആരോഗ്യമന്ത്രിയുടെ ന്യായീകരണം. തിരച്ചില്‍ വൈകിയില്ലെന്ന് അവകാശപ്പെടാനും മന്ത്രിമാര്‍ മടിച്ചില്ല. 

മന്ത്രിമാരുടെ വാക്കുകളിലെ കാപട്യം ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും തുറന്നുകാട്ടി.

ഇതോടെ ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി ന്യായീകരണ ക്യാപ്സ്യൂളുകളുമായി മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍. തടിതപ്പാന്‍ കള്ളംപറ‍ഞ്ഞതിന്‍റെ ജാള്യതയില്ലാതെ ആരോഗ്യ മന്ത്രിയും വിശദീകരണം നടത്തി. രക്ഷാപ്രവര്‍ത്തനം വൈകിയത് അംഗീകരിക്കാന്‍ മടിച്ച മന്ത്രിമാര്‍ ദുര്‍ഘടമായ സ്ഥലത്ത് യന്ത്രങ്ങളെത്തിച്ചതിന്‍റെ വീമ്പ് പറഞ്ഞ് വീഴ്ച മറയ്ക്കാനും ശ്രമിച്ചു. ഒടുവില്‍ ചടങ്ങുപോലെ എല്ലാം അന്വേഷിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

68 വര്‍ഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിലെന്ന് 2013ല്‍ തന്നെ കണ്ടെത്തിയെന്നു പറഞ്ഞ് കുറ്റം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ തലയിലാക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ ശ്രമം. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഭരിച്ചിട്ടും 12 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കെട്ടിടം രോഗികള്‍ ഉപയോഗിച്ചത് ആരുടെ പിടിപ്പുകേട് എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല.

 ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളും . അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു

ഇതിനിടെ തിരുവനന്തപുരത്ത് മന്ത്രി വീണാ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്ളിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. പിന്നാലെ കെഎസ്‍യു പ്രവര്‍ത്തകരുമെത്തി. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പത്തനംതിട്ടയിലും ആരോഗ്യമന്ത്രിയുടെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്കും യൂത്ത് കോണ്‍ഗ്രസിന്‍റെയും യൂത്ത് ലീഗിന്‍റെയും പ്രകടനം നടന്നു. കോഴിക്കോട് ഡിഎംഒ ഓഫിസിലേയ്ക്ക് യൂത്ത് ലീഗ് മാര്‍ച്ച് ചെയ്തു. എറണാകുളത്തും യൂത്ത് കോണ്‍ഗ്രസ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചു. ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ENGLISH SUMMARY:

A building collapse at Kottayam Medical College led to the death of a patient's bystander, sparking widespread public outrage and protests against the state ministers. Initial attempts by ministers to shift blame onto officials and downplay the incident were exposed by eyewitness accounts. The health minister's claims of the building being closed and prompt rescue efforts were contradicted by victims and attendees, leading to a public outcry and demands for her resignation. Opposition parties have called for a judicial inquiry, highlighting that the 68-year-old building was deemed dangerous in 2013, questioning why it remained in use despite successive governments. Protests are escalating across Kerala, with youth wings clashing with police.