കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനാണ് ശ്രമിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യന്ത്രങ്ങളെത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടത്തിന് 68 വര്‍ഷം പഴക്കമുണ്ടായിരുന്നു. ഉപയോഗിക്കാന്‍ കഴിയുന്നതല്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആരും കുടുങ്ങിയില്ലെന്നാണ് ആദ്യം അറിഞ്ഞത്.
പ്രിന്‍സിപ്പലും സൂപ്രണ്ടുമാണ് അങ്ങനെ അറിയിച്ചത്. അടച്ചിട്ട കെട്ടിടമെന്ന് പറഞ്ഞതും ചുമതലപ്പെട്ടവരാണ്. അന്വേഷിക്കാന്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചെന്നും മന്ത്രി വിശദീകരിച്ചു.
Also Read: 'രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, ഇടിഞ്ഞുവീണ കെട്ടിടത്തില്‍ ആളുണ്ടായിരുന്നു'; അധികൃതരുടെ വാദം പൊളിഞ്ഞു
മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി. ബിന്ദുവിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച് ഇറങ്ങിപ്പോകണം. വീണാ ജോര്‍ജ് ആരോഗ്യരംഗത്തെ വെന്‍റിലേറ്ററിലാക്കി. ഉദ്യോഗസ്ഥര്‍ പറയുന്നത് വിഴുങ്ങാനാണോ മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നടന്ന സംഭവം ജനങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നും നഷ്ടപരിഹാരം നല്‍കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ട്രോമ കെയര്‍ കെട്ടിടം പൊട്ടിയൊലിക്കുകയാണെന്നും ആശുപത്രിയില്‍ നിന്നും രോഗികളെ വെറുതേ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ കെട്ടിടം തകര്‍ന്ന് വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. ബലക്ഷയം മൂലം അടച്ചിട്ടിരുന്ന കെട്ടിടം രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഉപയോഗിച്ചു വന്നിരുന്നു. കുളിക്കുന്നതിനായി കെട്ടിടത്തിലേക്ക് പോയപ്പോഴാണ് ബിന്ദു അപകടത്തില്‍പ്പെട്ടത്. ബിന്ദുവിനെ കാണാനില്ലെന്ന് പരാതിപ്പെട്ടുവെങ്കിലും കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിയില്ലെന്നായിരുന്നു അധികൃതരുടെ വാദം. സ്ഥലത്തെത്തിയ മന്ത്രിമാരും ഇതാവര്‍ത്തിച്ചു. എന്നാല്‍ രണ്ടര മണിക്കൂറിന് ശേഷം കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയതാണ് ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് ജനങ്ങള്‍ ആരോപിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഇരമ്പി. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. കോട്ടയം മെഡി.കോളജില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോഴിക്കോട് ഡിഎംഒ ഓഫിസിലേയ്ക്ക് യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിച്ചു.
ഗുരുതര അനാസ്ഥ
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയതിനാല്‍ രണ്ടുമണിക്കൂറിനുശേഷമാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കണ്ടെടുക്കാനായത്. കെട്ടിടം ബലക്ഷയത്തെത്തുടര്‍ന്ന് അടച്ചിട്ടതാണെന്നും ആരും ഉപയോഗിക്കുന്നില്ല എന്നുമായിരുന്നു സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍ വാസവനും വീണ ജോര്‍ജും പറഞ്ഞത്.
എന്നാല്‍ മന്ത്രിമാരുടെ വാദം തള്ളി രോഗികളും കൂട്ടിരിപ്പുകാരും രംഗത്തുവന്നു. ഭാഗ്യംകൊണ്ടാണ് പലരും രക്ഷപ്പെട്ടതെന്ന് രോഗികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച. ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. പരിശോധന നടത്തിയത് വളരെ വൈകിയാണ്. അതേസമയം, കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. മൂന്ന് വാര്‍ഡുകളില്‍നിന്ന് രോഗികളെ മാറ്റി. ആളുകള്‍ എങ്ങനെ ഇവിടെ എത്തിയെന്നറിയില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട്. കെട്ടിടത്തിന്‍റെ ഒരുഭാഗം താഴേക്ക് പതിച്ചെന്ന് ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. മുകള്‍ നിലയില്‍ നില്‍ക്കുമ്പോഴാണ് അപകടം കണ്ടതെന്നും ദൃക്സാക്ഷി പറഞ്ഞു.