കരളലിയിക്കും കാഴ്ചകളാണ് അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയിൽ ജീവൻ പൊലിഞ്ഞ ബിന്ദുവിന്‍റെ വീട്ടിൽ. നിത്യ ജീവിതത്തിനായി പാടുപെട്ടിരുന്ന കുടുംബം നേരിടേണ്ടി വന്ന അവിചാരിത ദുരന്തം നാടിന്റെയും കണ്ണീരിലാഴ്തി. മകളെയോർത്ത് നെഞ്ചുപൊട്ടി കരയുകയാണ് ആ അമ്മ. ബിന്ദുവിനൊപ്പമായിരുന്നു അമ്മയുടെ താമസം.മരണവിവരമറിഞ്ഞ് വീട്ടിലേയ്ക്ക് നാട്ടുകാരും, ബന്ധുക്കളും എത്തി. അപ്രതീക്ഷിതമായുണ്ടായ മരണത്തിൽ എല്ലാവർക്കും ദുഖം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ഇവിടെയെത്തിക്കും. തുടർന്ന് സംസ്കാകാരം.
ഇതിനിടെ മരണം സ്ഥിരീകരിച്ചതോടെ ഉദ്യോഗസ്ഥരെ പഴിച്ച് സ്വന്തം വീഴ്ച മറയ്ക്കാന്‍ മന്ത്രിമാരുടെ തത്രപ്പാട്. അടച്ചിട്ട കെട്ടിടമെന്നും ആരും കുടുങ്ങിയില്ലെന്നും ആദ്യം പ്രതികരിച്ചത് പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാക്കുകേട്ടെന്ന് ആരോഗ്യമന്ത്രിയുടെ ന്യായീകരണം. തിരച്ചില്‍ വൈകിയില്ലെന്ന് അവകാശപ്പെടാനും മന്ത്രിമാര്‍ മടിച്ചില്ല.
മന്ത്രിമാരുടെ വാക്കുകളിലെ കാപട്യം ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും തുറന്നുകാട്ടി. ഇതോടെ ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി ന്യായീകരണ ക്യാപ്സ്യൂളുകളുമായി മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍. തടിതപ്പാന്‍ കള്ളംപറഞ്ഞതിന്‍റെ ജാള്യതയില്ലാതെ ആരോഗ്യ മന്ത്രിയും വിശദീകരണം നടത്തി. രക്ഷാപ്രവര്‍ത്തനം വൈകിയത് അംഗീകരിക്കാന്‍ മടിച്ച മന്ത്രിമാര്‍ ദുര്‍ഘടമായ സ്ഥലത്ത് യന്ത്രങ്ങളെത്തിച്ചതിന്‍റെ വീമ്പ് പറഞ്ഞ് വീഴ്ച മറയ്ക്കാനും ശ്രമിച്ചു. ഒടുവില്‍ ചടങ്ങുപോലെ എല്ലാം അന്വേഷിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.