സസ്പെന്‍ഷന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തനിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് ഡോ. ഹാരിസ്. എന്തു നടപടി വന്നാലും പ്രശ്നമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. യൂറോളജി വകുപ്പിന്‍റെ ചുമതല ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും വകുപ്പിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടരുതെന്ന് നിര്‍ബന്ധമുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു. സത്യം പറഞ്ഞതിന്‍റെ പേരില്‍ മുന്‍പും തിരിച്ചടി നേരിട്ടുണ്ട്. സര്‍ക്കാരിനെയോ വകുപ്പിനെയോ കുറ്റം പറഞ്ഞിട്ടില്ല. തുറന്നു പറച്ചിലില്‍ ഗുണമുണ്ടായെന്നും രോഗികള്‍ സന്തോഷത്തോടെ മടങ്ങുന്നുണ്ടെന്നും ഡോ.ഹാരിസ് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി, വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടു നൽകി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും സമിതി അക്കമിട്ട് നിരത്തുന്നു.
സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലുകളെ പൂർണമായും തള്ളാതെയും കൊള്ളാതെയും ആണ് അന്വേഷണ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.