തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ( ചിത്രം: ശ്രീലക്ഷ്മി ശിവദാസ്, മനോരമ)
ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വാര്‍ഡുകളില്‍ രോഗികള്‍ക്ക് നരക യാതന. വെറും നിലത്തും സ്ട്രക്ചറിലും വീല്‍ചെയറിലുമൊക്കെയാണ് ഗുരുതരാവസ്ഥയിലുളള രോഗികളെ പോലും കിടത്തിയിരിക്കുന്നത്.
പുതിയ ബഹുനില സര്‍ജിക്കല്‍ ബ്ളോക്ക് പണിയാന്‍ മൂന്ന് വര്‍ഷം മുമ്പ് പഴയ കെട്ടിടം പൊളിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന വാര്‍ഡുകളിലെ രോഗികളെക്കൂടി മറ്റ് വാര്‍ഡുകളില്‍ കുത്തി നിറച്ചതാണ് രോഗികളുടെ തീരാ ദുരിതത്തിന് കാരണം. മാസ്റ്റര്‍ പ്ളാന്‍ വികസനത്തില്‍ ഉള്‍പ്പെട്ട കെട്ടിടം പണി 2023 ല്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും തറപോലും കെട്ടിയിട്ടില്ല. മനോരമ ന്യൂസ് അന്വേഷണം.
നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തിലെ നമ്പര്‍ വണ്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. വെറും തറയില്‍ , വരാന്തയില്‍ പുഴുക്കളേപ്പോലെ ചുരുണ്ടു കൂടിക്കിടക്കുന്ന മനുഷ്യര്‍.
ഒാക്സിജന്‍ ട്യൂബിട്ട് ജീവ ശ്വാസം വലിച്ച് കിടക്കുന്ന രോഗിയാണ് 28ാം വാര്‍ഡിലേയ്ക്ക് കയറുമ്പോഴത്തെ സങ്കടക്കാഴ്ച. ബ്ളഡ് കയറ്റുമ്പോള്‍ കിടക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട് എഴുന്നേറ്റ് ചാരിയിരിക്കുന്ന രോഗി. തൊട്ടടുത്ത വരാന്തയില്‍ കിടക്കുന്ന രോഗികള്‍ക്ക് നിലത്തിരുന്ന കുത്തിവയ്പെടുക്കുന്ന നഴ്സ്ുമാര്‍. ഹൃദ്രോഗിയായ മനുഷ്യന്‍ കിടക്കുന്നത് സ്ട്രക്ചറില്‍. നല്ല ശരീരഭാരമുളള രോഗി ഞെളിപിരികൊണ്ട് ഞരങ്ങുന്നത് കേള്‍ക്കാം. പഴയൊരു വീല്‍ചെയറെങ്കിലും ഇരിക്കാന്‍ കിട്ടിയ ആശ്വാസത്തിലാണ് മറ്റൊരു രോഗി.
നവീകരണത്തിന്‍റെ പേരില്‍ സര്‍ജിക്കല്‍ ബ്ളോക്ക് ഒഴിപ്പിച്ചത് 2022ല്‍. ഇവിടെയുണ്ടായിരുന്ന സര്‍ജറി , മെഡിസിന്‍ വിഭാഗങ്ങളിലെ 16 മുതല്‍ 19 വരെ വാര്‍ഡുകളില്‍ ഉള്‍ക്കൊള്ളേണ്ട രോഗികളാണ് മറ്റ് വാര്‍ഡുകളില്‍ തറയില്‍ കിടക്കുന്നത്. കെട്ടിടങ്ങളെ ബന്ധിപ്പിച്ചിരുന്ന വോക്ക് വേ സര്‍ജിക്കല്‍ ബ്ളോക്കിന്‍റെ സ്മാരകമാണ്.