തെലങ്കാനയിൽ റയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവസന്യാസി അവസാനമായി ഫോണിൽ സംസാരിച്ചതിന്‍റെ ഓഡിയോ മനോരമ ന്യൂസിന്. കേരളത്തിലേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഒരു സംഘം ഭീഷണിപ്പെടുത്തിയെന്നാണ് അവസാന സന്ദേശം.
യുവസന്യാസിയുടെ ദേഹത്ത് ഒട്ടേറെ മുറിവുകളെന്ന് കുടുംബം പറഞ്ഞിരുന്നു. കുന്നംകുളം മങ്ങാട് സ്വദേശി ശ്രീബിൻ ആണ് മരിച്ചത്. 37 വയസായിരുന്നു. തെലങ്കാനയിലെ കമ്മത്ത് റയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. നേപ്പാളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ചയാണ് മരണം. ആറുവർഷമായി നേപ്പാളിൽ സന്യാസ ജീവിതം നയിച്ചുവരികയായിരുന്നു ശ്രീബിൻ എന്ന ബ്രഹ്മാനന്ദ ഗിരി. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകി.