തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിന് പിന്നാലെ, ഈ വിജയം 'സമാനതകളില്ലാത്ത തരംഗമാണ്' എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. വിജയം സമ്മാനിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫിന്റെ വിജയാഹ്ലാദങ്ങൾക്കിടെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും കെ.സി. വേണുഗോപാലുമായി അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി.
വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച എല്ലാ പ്രവർത്തകരെയും ഡിസിസികളെയും കോർ കമ്മിറ്റികളെയും അദ്ദേഹം അഭിനന്ദിച്ചു. യുഡിഎഫിന് വിജയം സമ്മാനിച്ചതിൽ പിണറായി വിജയൻ സർക്കാരിന് വലിയ പങ്കുണ്ട്. തലസ്ഥാനത്ത് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ.സി ആരോപിച്ചു.
ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നേതാക്കൾ മധുരം പങ്കുവെക്കുകയും നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം അടക്കം എല്ലാവരുമായി കൂടിയാലോചന നടത്തി തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ നൽകിയത് വലിയ പിന്തുണയാണ്. പ്രാദേശികമായ കാര്യങ്ങളിൽ സംസ്ഥാനത്ത് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ബിജെപിയെ അകറ്റി നിർത്തുക എന്നതാണ് കോൺഗ്രസിന്റെ പൊതുനയമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് നിലവിൽ കോൺഗ്രസ് നേതൃത്വം.