ആറു വര്‍ഷമായി നേപ്പാളില്‍ സന്യാസ ജീവിതം നയിക്കുകയായിരുന്ന യുവസന്യാസി ബ്രഹ്മാനന്ദഗിരിയെ തെലങ്കാനയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 38കാരനായ ബ്രഹ്മാനന്ദ ഗിരിയുടെ യഥാര്‍ത്ഥ പേര് ശ്രിബിന്‍ എന്നാണ്. കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര്‍ വീട്ടില്‍ പരേതനായ ശ്രീനിവാസന്റേയും സുന്ദരിഭായിയുടേയും മകനാണ്.
ആറുവര്‍ഷം മുന്‍പാണ് ശ്രിബിന്‍ സന്യാസ ജീവിതത്തിനായി നേപ്പാളിലേക്ക് പോയത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സ്വാമി ബ്രഹ്മാനന്ദഗിരി കഴിഞ്ഞ വ്യാഴാഴ്ച്ച കുന്നംകുളത്തെ ക്ഷേത്രത്തിലെ ശാന്തിയെ വിളിച്ചറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ കൃഷ്ണദാസിനു നിവേദനം നല്‍കി. തെലങ്കാന പൊലീസാണ് സ്വാമിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ വിവരം കുടുംബത്തെ വിളിച്ചറിയിച്ചത്.