കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടുവര്‍ഷം മുമ്പ് കേടായ എം ആര്‍ ഐ സ്കാനിങ് മെഷീന്‍ ഇതുവരെയും നന്നാക്കിയില്ല. പുതിയ ബ്ലോക്കിലെ സ്കാനിങ് യൂണിറ്റ് അടുത്തിടെയുണ്ടായ തീപിടിത്തത്തില്‍ കത്തിനശിക്കുകയും ചെയ്തു. തീപിടിത്തത്തില്‍ നശിച്ച അത്യാഹിത വിഭാഗവും ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല.
ആയിരകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയിലെ ഏക എംആര്‍ഐ സ്കാനിങ് യൂണിറ്റാണിത്. കോടിക്കണക്കിന് രൂപയുടെ സ്കാനിങ് മെഷീന്‍ തുരുമ്പെടുത്ത് നശിച്ചു. ഇവിടം പ്രവര്‍ത്തനരഹിതമായപ്പോള്‍ അധികൃതര്‍ ഒരു ബോര്‍ഡ് വെച്ചു. യൂണിറ്റ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയെന്ന്. കഴിഞ്ഞിടെയുണ്ടായ തീപിടിത്തത്തില്‍ ആ യൂണിറ്റും കത്തിനശിച്ചു. പുറത്ത് ആറായിരം രൂപ ചെലവ് വരുന്ന MRI സ്കാനിങ് മെഡിക്കല്‍ കോളജില്‍ 3500 രൂപയ്ക്ക് ചെയ്യാമായിരുന്നു. ആരോഗ്യ ഇന്‍ഷ്വറന്‍സുള്ളവര്‍ക്ക് അതിലും ചെലവ് കുറയും.
ആശുപത്രി വളപ്പിലുള്ള KHRWS ന്‍റെ സ്കാനിങ് യൂണിറ്റാണ് രോഗികളുടെ ഏക ആശ്രയം. രണ്ട് മാസം മുമ്പ് തീപിടിത്തമുണ്ടായ അത്യാഹിത വിഭാഗം ഇതുവരെയും തുറക്കാന്‍ നടപടിയായിട്ടില്ല. ഉദ്ഘാടനം നടത്തിയശേഷം ഉപയോഗിക്കാന്‍ വച്ചിരുന്ന ഒന്നരകോടിയുടെ കാര്‍ഡിയാക്ക് വാസ്കുലാര്‍ തൊറാസിക് സര്‍ജറി ഉപകരണമടക്കമാണ് കത്തിപ്പോയത്. പഴയ കെട്ടിടത്തിലെ അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നത്.