Ningal-Parayu-HD-

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാപ്പിഴവുകളുടെ വിവരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പുറത്തുവരികയും നീതികിട്ടാതെ ഇരകള്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കുകയും ചെയ്യുമ്പോള്‍ ആരോഗ്യ മന്ത്രിയുടെ വിചിത്രമായ പ്രതിരോധമാണ് ഇന്ന് കണ്ടത്. സംസ്ഥാനത്തെ ആരോഗ്യമന്ത്രി പറയുന്നത്, സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാപ്പിഴവുകള്‍ സംബന്ധിച്ച് കിട്ടിയതിനേക്കാള്‍ പലമടങ്ങ് പരാതികളാണ് സ്വകാര്യ ആശുപത്രികളെ കുറിച്ച് തനിക്ക് കിട്ടിയത് എന്നാണ്. 47 പരാതികള്‍ സര്‍ക്കാര്‍ മേഖലയില്‍ കിട്ടിയപ്പോള്‍ 600 പരാതികളാണത്രേ സ്വകാര്യമേഖലയെക്കുറിച്ച് കിട്ടിയത്. 

എന്നുവച്ചാല്‍ മന്ത്രിപറയുന്നത് സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളും നല്ല നിലയ്ക്കല്ല പ്രവര്‍ത്തിക്കുന്നത് എന്നാണോ? എന്നിട്ടും ഇതിനെയാണോ നമ്മള്‍ നമ്പര്‍ വണ്‍ ആരോഗ്യകേരളം എന്ന് വിളിക്കുന്നത്? സര്‍ക്കാര്‍ ആശുപത്രികളുടെ മാത്രം ചുമതലയുള്ള മന്ത്രിയാണ് താനെന്നാണോ വീണ ജോര്‍ജ് വിചാരിച്ചിരിക്കുന്നത്? സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കിട്ടിയ പരാതികളില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്താണ്? സ്വകാര്യ ആശുപത്രികൾ രോഗികളെ പിടിക്കാൻ ആംബുലൻസ് ഡ്രൈവർമാർക്ക് കൈക്കൂലി നൽകുന്നുവെന്ന  ഗുരുതര വെളിപ്പെടുത്തല്‍കൂടി ഇന്ന് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഇതെല്ലാം അറിഞ്ഞിട്ടും മിണ്ടാതിരുന്ന മന്ത്രി പിന്നെന്തിനാണ് ആ കസേരയിലിരിക്കുന്നത്? സ്വകാര്യമേഖലയെ തിരുത്തേണ്ടത് ആരാണ്?