ജീവനും ജീവിതവും പ്രതിസന്ധിയിലാക്കുന്ന ആയിരം പ്രശ്നങ്ങളുടെ, രോഗാവസ്ഥകളുടെ നടുവില്‍ ആശുപത്രി വരാന്തകള്‍ കയറി ഇറങ്ങേണ്ടി വന്നിട്ടുള്ള ഓരോരുത്തര്‍ക്കും മനസിലാകുന്ന വളരെ ലളിതമായ ചോദ്യങ്ങള്‍, ആശങ്കകള്‍. തിരുവനന്തപുരം ജില്ലയിലെ ഓരോ ആശുപത്രികള്‍ക്ക് മുന്നിലുമുണ്ടായിരുന്നു ഈ കാഴ്ച. അപ്രതീക്ഷിതമായി ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായിപ്പോയ കുറേയേറെ മനുഷ്യര്‍. കൂട്ടത്തിലൊരാള്‍ക്കെതിരെ ചികില്‍സാപ്പിഴവിന്‍റെ പേരില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ച് സംഘബലം കാട്ടി ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതോടെ വൈദ്യപരിശോധനയും, ചികില്‍സയും, തുടര്‍ചികില്‍സയും കിട്ടാതെ പോയത് സംഘബലമേതുമില്ലാത്ത പാവം രോഗികള്‍ക്ക്. എന്തുകൊണ്ടിങ്ങനെയെന്ന് ചോദ്യമുയര്‍ത്തിയവര്‍ക്ക് മുന്നില്‍ ധാര്‍ഷ്ട്യത്തോടെ വാതിലുകള്‍ കൊട്ടിയടച്ചെന്ന പരാതിയും ഇന്നുകേട്ടു.

ഇവരെല്ലാം യുദ്ധം ചെയ്യുന്നതും, കരുത്തുകാട്ടുന്നതും പൊതുജനത്തിന്‍റെ ജീവനും ആരോഗ്യവുംവച്ചാണെന്ന് ആരുമോര്‍ക്കാത്തത് എന്തുകൊണ്ടാണ്? ഷോപ്പിങ്ങിനുപോകുന്നപോലെ എപ്പോഴെങ്കിലും വാങ്ങിയാല്‍ മതിയാകുന്നതല്ല മരുന്നും ചികില്‍സയുമൊന്നും. അത് ഇവര്‍ക്കാര്‍ക്കും പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടതുമില്ല. എന്നിട്ടും വിലപേശാന്‍, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പൊതുജനാരോഗ്യത്തെ അവര്‍ മുള്‍മുനയില്‍ നിര്‍ത്തുന്നു.

നെടുമങ്ങാട് ആശുപത്രിയിലെ ചികില്‍സാപ്പിഴവില്‍ പ്രസവശസ്ത്രക്രിയക്ക് പിന്നാലെ നവജാത ശിശു മരിച്ചതാണ് ഇന്നത്തെ സമരത്തിന്‍റെ മൂലകാരണം. ശസ്ത്രക്രിയ നടത്തിയ ഡോ. ബിന്ദു സുന്ദറിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. പാലോട് സ്വദേശികളായ ബിനില്‍– നിരഞ്ജന ദമ്പതികളുടെ കുഞ്ഞാണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. ഡോക്ടറുടെ പിഴവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്ന് ആദ്യംതന്നെ കുടുംബം ആരോപിച്ചു.  വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ ഡോ. ബിന്ദുവിനെ പുനലൂരിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ആരോഗ്യവകുപ്പ് ആദ്യം ഉത്തരവിറക്കി. അച്ചടക്കനടപടിയെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ആരോഗ്യവകുപ്പിന്റെ നീക്കം. പക്ഷേ ഡോക്ടറെ പിരിച്ചുവിടണമെന്ന നിലപാടില്‍ കുടുംബവും പ്രതിഷേധക്കാരും ഉറച്ചുനിന്നതോടെ അധികൃതര്‍പെട്ടു. ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ വൈകുന്നതിനിടെയാണ് കൈക്കൂലി ആരോപണംകൂടി ഉയര്‍ന്നത്. ഇതോടെ ഡോക്ടര്‍ ബിന്ദു സുന്ദറിനെ സസ്പെന്‍ഡ് ചെയ്തു.

ഈ സസ്പെന്‍ഷന്‍ നടപടി അന്യായമെന്നാണ് ഡോക്ടര്‍മാരുടെ വാദം. നെടുമങ്ങാട് ആശുപത്രിയിൽ പ്രതിഷേധം ഉണ്ടായപ്പോൾ സൂപ്രണ്ടിന് മർദ്ദനമേറ്റെന്ന് ആരോപിക്കുന്ന KGMOA കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഈ രണ്ട് ആവശ്യങ്ങളുയര്‍‌ത്തിയാണ് തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും കൂട്ടഅവധിയെടുത്ത് പ്രതിഷേധിച്ചത്. സമരം രണ്ടുദിവസം മുന്‍പേ പ്രഖ്യാപിച്ചെങ്കിലും പ്രതീക്ഷയോടെ ആശുപത്രികളിലേക്കെത്തിയ രോഗികള്‍ പക്ഷേ സമരത്തിന്‍റെ തീവ്രതയറിഞ്ഞു. ഒരിടത്തും ഡോക്ടര്‍മാരില്ല. പരിശോധനകളില്ല, തുടര്‍ചികില്‍സകള്‍ക്ക് വന്നവര്‍ക്ക് അതില്ല, പല മരുന്നുകളും പുറമേനിന്ന് വാങ്ങണമെങ്കില്‍പോലും ഡോക്ടറു കുറിപ്പടി വേണം. അതുമില്ല. ഫലത്തില്‍ പൊതുജനം ശരിക്കും പെട്ടു.

 

സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡോക്ടര്‍ക്കെതിരെ മുന്‍പും ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരുപാട് നാള്‍ മുന്‍പൊന്നുമല്ല. വെറും ഒരു മാസം മുന്‍പ്. ഇരുപത്തി മൂന്ന് വയസുള്ള വിതുര സ്വദേശിനിയായിരുന്നു അന്ന് പരാതിക്കാരി. പ്രാഥമിക കൃത്യങ്ങള്‍പോലും ചെയ്യാനാകാത്തവിധം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലൂടെ യുവതി കടന്നുപോകുന്നതായും മൂന്ന് ശസ്ത്രക്രിയകൾ നടത്തിയതായും കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ഉൾപ്പെടെ പരാതി നൽകി. അതില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം നടക്കുകയാണ്. അതിനിടയിലാണ് പുതിയ ആരോപണം. ആദ്യം അധികൃതര്‍ സംരക്ഷിക്കാന്‍ നോക്കിയെങ്കിലും പിടിവിട്ടതോടെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്നിട്ടാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപെട്ട് ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാരും സമരത്തിനിറങ്ങിയത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുഴുവന്‍ വിവാദങ്ങള്‍ക്കും പിന്നില്‍ കോര്‍പറേറ്റ് ലോബിയെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം.

നിസാര കാര്യങ്ങള്‍പോലും പെരുപ്പിച്ച് കാണിച്ച് പ്രചാരണം നടത്തി പൊതുജനാരോഗ്യമേഖലയെ തകര്‍ക്കാന്‍ നീക്കമെന്നും മന്ത്രി ആരോപിക്കുന്നു. തിരുവനന്തപുരം വിളപ്പില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ആരോപണം. കുത്തകകൾ തകർക്കാൻ ശ്രമിച്ചാലും തകരുന്നതല്ല നമ്മുടെ ആരോഗ്യരംഗമെന്നും വീണാ ജോർജ് പറഞ്ഞു.സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ ന്യായീകരിക്കാന്‍, സ്വകാര്യ ആശുപത്രികളെ കുറ്റപ്പെടുത്തിയ മന്ത്രി ഇതുവരെ 600 പരാതികള്‍ കിട്ടി എന്നും കുറ്റപ്പെടുത്തുന്നു. കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയും ഉഷയും നെഞ്ചിൽ ഗൈഡ് വയറുമായി ജീവിക്കുന്ന സുമയ്യ  , കൈ പോയ വിനോദിനി  ഗുരുതര ചികിൽത്സാ വീഴ്ചകളുടെ ജീവിക്കുന്ന ഇരകൾ, നെഞ്ചു പൊട്ടി  മരിച്ച വേണുവും ബിസ്മീറും അടക്കമുള്ളവരുടെ കുടുംബങ്ങളുടെ കണ്ണീർ ,  എല്ലാം സർക്കാർ ആശുപത്രികളെ തകർക്കാനുള്ള നീക്കമെന്ന വിചിത്ര ന്യായീകരണമാണ് ആരോഗ്യമന്ത്രി നടത്തുന്നത്.  വീഴ്ചകളുണ്ടെങ്കിൽ നടപടിയെടുക്കാൻ മന്ത്രിക്ക് അധികാരമുണ്ടെന്നും വെറുതെ ആരോപണമുയർത്തിയിട്ട് കാര്യമില്ലെന്നും ഹോസ്പിറ്റൽ അസോസിയേഷൻ പ്രതികരിച്ചു.

സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് നീതീകരിക്കാനാകാത്ത നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിലെല്ലാം ഒരു സാധാരണക്കാരന്‍ നടത്തുന്ന രീതിയിലുള്ള വായ്ത്താരികളല്ല, നടപടികളാണ് അധികാരം കയ്യാളുന്ന മന്ത്രി ചെയ്യേണ്ടത്. വീഴ്ചകള്‍ക്കെതിരെ എണ്ണിയെണ്ണി നടപടിയെടുക്കട്ടെ. അവയവ ദാനത്തിലടക്കം നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ, കൊള്ളയ്ക്കെതിരെ നിയമസംവിധാനത്തിലൂടെ പൂട്ടിടട്ടേ..... പൊതുജനാരോഗ്യ മേഖലയിലും, സ്വകാര്യമേഖലയിലും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ വെറുതെ റിപ്പോര്‍ട്ട് വാങ്ങുതിനപ്പുറം നീതി നടപ്പാക്കി സത്വര നടപടികള്‍ സ്വീകരിക്കട്ടെ...... അതേ സാര്‍...... നീതി നടത്തിയാല്‍ പോരാ, നീതി നടത്തിയെന്ന് ബോധ്യപ്പെടുത്തുകയും വേണം.

ENGLISH SUMMARY:

Doctors strike Kerala has left patients in distress, with many unable to access essential medical services. This disruption highlights the critical need for robust public health systems and swift resolution of medical negligence cases