Untitled design - 1

ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ഷയരോഗ പരിശോധനയ്ക്കുള്ള കഫം സാമ്പിളുകൾ കൊണ്ടുപോകുന്നത് രോഗനിർണയ സമയവും ചെലവും ഗണ്യമായി കുറയ്ക്കാൻ സഹായിച്ചതായി കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി  അനുപ്രിയ പട്ടേൽ രേഖാമൂലം നൽകിയ മറുപടിയിലാണ്  ഇക്കാര്യമുള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ  'ഐ-ഡ്രോൺ' (i-DRONE) പദ്ധതിയുടെ ഭാഗമായാണ്  പഠനം നടന്നത്. എയിംസ് ബീബിനഗർ (AIIMS Bibinagar), ദേശീയ ക്ഷയരോഗ നിവാരണ പദ്ധതി (NTEP) എന്നിവയുമായി സഹകരിച്ച് തെലങ്കാനയിലെ യാദാദ്രി-ഭുവനഗിരി ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പഠനം സംഘടിപ്പിച്ചത്. 

 

പുതിയ സംവിധാനം വഴി ടിബി രോഗനിർണയത്തിന് എടുക്കുന്ന ശരാശരി സമയം 15 ദിവസത്തിൽ നിന്നും വെറും 5 ദിവസമായി കുറഞ്ഞുവെന്നതാണ് നേട്ടം. ഇതിനുപുറമെ, യാത്രാച്ചെലവുകൾ ഉൾപ്പെടെ രോഗികൾക്ക് സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാക്കേണ്ടി വരുന്ന തുക ഏകദേശം 9,451 രൂപയിൽ നിന്ന് 91 രൂപയായി കുറഞ്ഞു. വിദൂര പ്രദേശങ്ങളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും കൃത്യസമയത്ത് ടിബി പരിശോധനാ സേവനങ്ങൾ ലഭ്യമാക്കാൻ ഡ്രോണുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

ടിബി മുക്ത് ഭാരത് അഭിയാന്റെ കീഴിൽ 2025 വർഷത്തിലും 2026 ജൂൺ പകുതി വരെയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ഷയരോഗികളുടെ കണക്കുകളും മന്ത്രി സഭയിൽ അവതരിപ്പിച്ചു. നിക്ഷയ് പോർട്ടലിൽ  നിന്നുള്ള 13.07.2026 വരെയുള്ള കണക്കുകൾ പ്രകാരം, കേരളത്തിൽ 2025-ൽ 19,538 കേസുകളും 2026 ജനുവരി മുതൽ ജൂൺ വരെ 8,927 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിലാണ് ഏറ്റവും ഉയർന്ന കണക്കുകൾ ഉള്ളത്; 2025-ൽ 7,10,242 പുതിയ കേസുകളും 2026 ജൂൺ വരെ 3,37,282 കേസുകളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കുറവ് ടിബി രോഗികൾ ഉള്ളത് ലക്ഷദ്വീപിലാണ്.

 

ഐ-ഡ്രോൺ (i-DRONE) 

 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ആരോഗ്യ മേഖലയിൽ ഡ്രോണുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ആരംഭിച്ച ഒരു സുപ്രധാന പദ്ധതിയാണ് ഐ-ഡ്രോൺ (i-DRONE). ഗതാഗത സൗകര്യങ്ങൾ കുറഞ്ഞതും ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ വിദൂര പ്രദേശങ്ങളിൽ വേഗത്തിലും സുരക്ഷിതമായും മെഡിക്കൽ സേവനങ്ങൾ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

 

പദ്ധതിയുടെ തുടക്കം

 

2021-ൽ കോവിഡ്-19 മഹാമാരിയുടെ സമയത്ത്, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലെ ദുർഘടമായ പ്രദേശങ്ങളിൽ വാക്‌സിനുകൾ എത്തിക്കുന്നതിനായാണ് പദ്ധതി ആദ്യം പരീക്ഷിച്ചത്. തുടക്കത്തിൽ ICMR's Drone Response and Outreach in North East എന്നായിരുന്നു ഇതിന്റെ പൂർണ്ണരൂപം. അവിടുത്തെ വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം, രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലേക്കും വിവിധ ആരോഗ്യ ആവശ്യങ്ങൾക്കുമായി ഐസിഎംആർ (ICMR) പദ്ധതി വ്യാപിപ്പിച്ചു.